Your Image Description Your Image Description

വാഷിങ്ടൺ: അമേരിക്കയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മേധാവിയായി ഇന്ത്യൻ വംശജൻ സ്ഥാനമേറ്റു. കാഷ് പട്ടേൽ എന്നറിയപ്പെടുന്ന കശ്യപ് പട്ടേലാണ് എഫ്ബിഐയുടെ പുതിയ ഡയറക്ടർ. വാഷിങ്ടണിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഭഗവത് ഗീതയിൽ കൈവച്ചാണ് അദ്ദേ​ഹം സത്യപ്രതിജ്ഞ ചെയ്തത്.

ലോകമാകെ പ്രശസ്തമായ അന്വേഷണ ഏജൻസിയെയാണ് ഇനി ഇന്ത്യക്കാരനായ കാഷ് പട്ടേൽ നയിക്കുക. 38,000 ജീവനക്കാരാണ് എഫ്ബിഐയിലുള്ളത്. 11 ബില്യൺ ഡോളറാണ് വാർഷിക ബജറ്റ്. 2017 ൽ ട്രംപ് നിയമിച്ച ക്രിസ്റ്റഫർ വ്രേയ്ക്ക് പകരക്കാരനായാണ് അദ്ദേഹം നിയമിതനായത്. രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് ഏജൻസിയെ സംരക്ഷിക്കുന്നതിനായി എഫ്ബിഐ ഡയറക്ടർമാർ സാധാരണയായി 10 വർഷത്തേക്ക് സേവനമനുഷ്ഠിക്കുന്നു.

കാഷ് പട്ടേൽ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥ പേര് കശ്യപ് പട്ടേൽ എന്നാണ്. കാനഡ വഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്തി വേരുകളുള്ള കുടുംബമാണ് ഇദ്ദേഹത്തിൻ്റേത്. 1980 ഫെബ്രുവരി 25 ന് ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ ജനിച്ച കാഷ്, റിച്ച്മണ്ട് സർവകലാശാലയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് അന്താരാഷ്ട്ര നിമയത്തിൽ ബിരുദാന്തര ബിരുദവും കരസ്ഥമാക്കി.

ട്രംപിൻ്റെ ഏറ്റവും വിശ്വസ്തരിൽ വിശ്വസ്തനായാണ് കാഷ് പട്ടേൽ അറിയപ്പെടുന്നത്. മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണെന്നും അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിവച്ചതെന്നുമാണ് ട്രംപ് തന്നെ കാഷിനെ കുറിച്ച് മുൻപ് നടത്തിയ പ്രശംസ.

ജീവിത പങ്കാളിക്കും സഹോദരിക്കുമൊപ്പമാണ് കാഷ് പട്ടേൽ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. തനിക്ക് ലഭിച്ച അവസരത്തിന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോട് നന്ദി പറയുന്നു എന്നും അദ്ദേ​​ഹം പറഞ്ഞു. സാധാരണ ജീവിത സാഹചര്യങ്ങളിൽ വളർന്ന ഇന്ത്യൻ യുവാവിന് ഇത്രയും ഉയർന്ന പദവിയിലെത്താനായത് അമേരിക്ക നൽകുന്ന അവസരങ്ങളുടെ തെളിവാണെന്ന് സത്യപ്രതിജ്ഞക്ക് പിന്നാലെ കാഷ് പട്ടേൽ പറ‌ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *