Your Image Description Your Image Description

തലശ്ശേരി: പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതിയെ ബലമായി മോചിപ്പിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. തിരുവങ്ങാട് പെരിങ്കളത്തെ ലിനീഷ് (45) ആണ് അറസ്റ്റിലായത്. മണോളിക്കാവ് ക്ഷേത്ര ഉത്സവച്ചടങ്ങിനിടെ സംഘർഷമുണ്ടാക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തെന്ന കേസിൽ പൊലീസ് പിടികൂടിയ സിപിഎം പ്രവർത്തകൻ ദിപിനെ പൊലീസ് കസ്റ്റഡിയിൽ നിന്നും ബലമായി മോചിപ്പിച്ച സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മണോളിക്കാവ് ക്ഷേത്ര ഉത്സവച്ചടങ്ങിനിടെ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തതിനെത്തുടർന്ന് സംഘർഷമുണ്ടായി. സംഘർഷം തടയാൻ ചെന്ന പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ സിപിഎം പ്രവർത്തകൻ ദിപിനെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പൊലീസ് ഉത്സവസ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്തു. എന്നാൽ, വനിതാ എസ്ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ, ഗേറ്റ് അടച്ച് ജീപ്പ് തടസ്സപ്പെടുത്തി മോചിപ്പിക്കുകയായിരുന്നു.

ക്ഷേത്രത്തിൽ ഘണ്ടാകർണൻ തിറ നടക്കുന്നതിനിടെയാണ് ദിപിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് പേരു ചോദിച്ചപ്പോൾ അർജുൻ എന്നു മാറ്റിപ്പറഞ്ഞു. കൈപിടിച്ച് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുമ്പോൾ ലിനീഷും 15 പേരും ചേർന്നു തടസ്സം സൃഷ്ടിച്ചു. ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റിയപ്പോൾ ലിനീഷ്, സന്ദേശ് പ്രദീപ്, ശബരീഷ്, ജിഥുൻ എന്നിവരുടെ നേതൃത്വത്തിൽ നാൽപതോളം സിപിഎം പ്രവർത്തകർ ജീപ്പിന്റെ വാതിൽതുറന്ന് പ്രതിയെ മോചിപ്പിച്ചെന്നാണ് എഫ്ഐആർ പറയുന്നത്. ഒരുത്തനും പുറത്തു പോകേണ്ടെന്നു പറഞ്ഞ് ലിനീഷ് ക്ഷേത്ര ഗേറ്റ് പൂട്ടിയതായും സംഘംചേർന്നു ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും എഫ്ഐആറിലുണ്ട്.

ഇവരുൾപ്പെടെ 55 സിപിഎം പ്രവർത്തകർക്കെതിരെ കേസുണ്ട്. എസ്ഐമാരായ വി.വി. ദീപ്തി, രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ തള്ളിമാറ്റിയാതായും പറയുന്നു. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമുള്ള സ്ഥലത്ത് ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് കൂടുതൽ ബലപ്രയോഗം നടത്താതിരുന്നതെന്നു പൊലീസ് പറഞ്ഞു. രണ്ടു കേസുകളിലായി 82 പ്രതികളുണ്ടെങ്കിലും ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *