Your Image Description Your Image Description

തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് സന്തോഷ് എന്നറിയപ്പെടുന്ന രവി അറസ്റ്റിൽ. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളിൽ സജീവമായിരുന്ന സന്തോഷിനെ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നാണ് പിടികൂടിയത്. തമിഴ്നാട് ക്യൂബ്രാഞ്ചിന്‍റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് സന്തോഷിനെ പിടികൂടിയതെന്ന് എ.ടി.എസ് എസ്.പി സുനിൽ.എം.എൽ ഐ.പി.എസ് അറിയിച്ചു.

2013 മുതൽ നാടുകാണി, കബനി, നാടുകാണി ദളങ്ങളിൽ സന്തോഷ് സജീവമായിരുന്നു. 2013 മുതൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്ന കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സന്തോഷ് ഒരു പ്രധാന കണ്ണിയായിരുന്നു. കൂടാതെ 2013 മുതൽ ഈ പ്രദേശത്ത് നടന്ന സായുധവിപ്ലവ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളിൽ പ്രതിയാണ്.

2024 ജൂലൈയിൽ സന്തോഷ് സഹ മാവോയിസ്റ്റ് പ്രവർത്തകരായ സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി.എം എന്നിവരോടൊപ്പം കേരള വനപ്രദേശത്തെ പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്നുള്ള നിരന്തരമായ ശ്രമങ്ങളുടെ ഫലമായി എടിഎസ് സേനക്ക് സി പി മൊയ്തീൻ, പി കെ സോമൻ, മനോജ് പി.എം എന്നിവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലും സന്തോഷ് കേരളത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അതിനുശേഷം എടിഎസ് സേനയുടെ നിരന്തര ശ്രമഫലമായാണ് പിടികൂടാനായത്.

2013 മുതൽ കഴിഞ്ഞ 12 വർഷമായി കേരള പൊലീസ്, കേരള എടിഎസ്, കേരള എസ്ഒജി, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികൾ എന്നിവ ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായി കേരളത്തിൽ പ്രവർത്തിച്ചുവന്നിരുന്ന എല്ലാ പിഎൽജിഎ മാവോയിസ്റ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്യുന്നതിനോ കീഴടക്കുന്നതിനോ സാധിച്ചിട്ടുള്ളതാണ്. ഇൻറലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകൾ, അന്തർസംസ്ഥാന സഹകരണത്തിലൂടെയും എന്നിവയിലൂടൊണ് നേട്ടം കൈവരിക്കാൻ സേനകൾക്ക് സാധിച്ചതെന്നും എ.ടി.എസ് എസ്.പി സുനിൽ.എം.എൽ ഐ.പി.എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *