Your Image Description Your Image Description

സ്ഥിരമായി ട്രെയിൻ യാത്രകൾ ചെയ്യുന്നവർക്ക് പരിചിതമായ ഒന്നാണ് തത്ക്കാൽ ടിക്കറ്റ് ബുക്കിങ്. അടിയന്തരമായി യാത്രകൾ ആവശ്യമായി വരുന്നവർക്ക് ഇത് വളരെ അധികം സഹായകരമായ റയിൽവെയുടെ ഒരു സംവിധാനമാണ്. അനുവദിക്കപ്പെട്ട ടിക്കറ്റുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്ന സാഹചര്യങ്ങളിൽ പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവർക്ക് തത്ക്കാൽ വഴി ടിക്കറ്റ് ലഭിക്കും. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുൻപാണ് തത്ക്കാൽ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. എല്ലാ ട്രെയിനിലും നിശ്ചിത സീറ്റുകൾ തത്ക്കാൽ ടിക്കറ്റുകൾക്കായി നീക്കിവെച്ചിരിക്കും. എന്നാൽ, തത്ക്കാൽ ബുക്ക് ചെയ്യുമ്പോൾ പലർക്കും അബദ്ധങ്ങൾ പറ്റാറുണ്ട്. പലർക്കും ടിക്കറ്റ് കിട്ടാറുമില്ല. പ്രത്യേകിച്ച് അവധി സീസണുകളിൽ വൻ പിടിയായിരിക്കും ഈ ടിക്കറ്റിന്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തത്ക്കാൽ ടിക്കറ്റ് എടുക്കാം. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഐആർസിടിസിയുടെ റെയിൽ കണക്ട് എന്ന ആപ്പ് വഴിയാണ് തത്ക്കാൽ ബുക്ക് ചെയ്യുന്നത്. നെറ്റ്‌വര്‍ക്കിൻ്റെ വേ​ഗത ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്. അതിനാൽ ഹൈ സ്പീഡ് നെറ്റ്‌വര്‍ക്ക് ഉപയോ​ഗിക്കുന്നത് സഹായകമാകും. യാത്ര ചെയ്യേണ്ട ദിവസത്തിന് ഒരു ​ദിവസം മുൻപാണ് തത്ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. രാവിലെ 10 മണിയ്ക്കാണ് തത്ക്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ആരംഭിക്കുക. 11 മണിയോടെ സ്ലീപ്പർ ക്ലാസിലേക്കുള്ള തത്ക്കാൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നത്. തത്ക്കാൽ ടിക്കറ്റുകൾ വളരെ കുറഞ്ഞ സമയം കൊണ്ട് ബുക്ക് ചെയ്യേണ്ടതാണ്. സമയം പാഴായൽ ടിക്കറ്റ് കിട്ടില്ല.

ഇതിനായി ഐആർസിടിസിയുടെ ആപ്പിൽ ചില വിവരങ്ങൾ മുൻകൂട്ടി ചേർത്ത് വെയ്ക്കുന്നത് നന്നാവും. ആപ്പ് ഓൺ ചെയ്ത് അക്കൗണ്ട് എന്ന ഭാ​ഗം തിരഞ്ഞെടുക്കുക. അതിൽ മൈ മാസ്റ്റർ ലിസ്റ്റ് എന്നുകാണാം. മാസ്റ്റർ ലിസ്റ്റിൽ ആഡ് പാസഞ്ചർ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്താൽ‌ തത്ക്കാൽ ബുക്ക് ചെയ്യേണ്ടത് ആരുടെ പേരിലാണോ അവരുടെ പേരുവിവരങ്ങൾ ചേർക്കുക. ഇങ്ങനെ ചെയ്തു വച്ചാൽ തത്ക്കാൽ ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരത്തെ ചേർത്തു വച്ചിരിക്കുന്ന യാത്രക്കാരുടെ പേരുവിവരങ്ങൾ ലഭിക്കും. അത് ടിക്ക് ചെയ്താൽ യാത്രക്കാരുടെ പട്ടികയിൽ ആഡ് ആകും. നോൺ-എസി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത് ഇപ്പോൾ മാസ്റ്റർ ലിസ്റ്റ് ആഡ് ചെയ്യാൻ പറ്റില്ല എന്നുള്ളതാണ്. എന്നാൽ എസി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ മാസ്റ്റർ ലിസ്റ്റ് ഉപയോഗിക്കാൻ പറ്റും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപായി രണ്ട് തവണയെങ്കിലും ആപ്പ് തുറന്ന് പോകേണ്ട സ്ഥലം തിരഞ്ഞുനോക്കുക. ഇത്തരത്തിൽ ചെയ്യുമ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ നേരം ഐആർസിടിസിയുടെ ആപ്പ് തുറക്കുമ്പോൾ തന്നെ തിരയേണ്ട സ്ഥലം അവിടെ കാണാൻ സാധിക്കും. പിന്നീട് സർച്ച് ബട്ടൺ അമർത്തി മുന്നോട്ട് പോയാൽ മതിയാകും. തത്ക്കാൽ ടിക്കറ്റ് ലഭിക്കുന്നതിനായി ആപ്പ് നേരത്തെ ലോ​ഗിൻ ചെയ്ത് വെച്ചത് കൊണ്ട് കാര്യമില്ല. ഒരു മിനിറ്റിൽ കൂടുതൽ സമയമായി ഓപ്പൺ ആയിരിക്കുന്ന എല്ലാ അക്കൗണ്ടുകളും 11 മണിയ്ക്ക് ലോ​ഗ് ഔട്ട് ആകും. വീണ്ടും ലോ​ഗിൻ ചെയ്യേണ്ടി വരും. അതിനാൽ തന്നെ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം കൃത്യം 11 മണിയ്ക്ക് ലോ​ഗിൻ ചെയ്യുന്നത് ആയിരിക്കും ഏറ്റവും നല്ലത്.

ആപ്പ് ലോ​ഗിൻ ചെയ്താലും ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയങ്ങളിൽ ഇടയ്ക്ക് രണ്ടിടങ്ങളിൽ കാപ്ച വരുന്നുണ്ട്. അത് കൃത്യമായി കൊടുക്കാൻ ശ്രദ്ധിക്കണം. ടിക്കറ്റിന് പണമടക്കുന്നതും ബുക്ക് ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി ഐആർസിടിസി ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയാൽ സമയം കൂടുതലെടുക്കും. നെറ്റ് ബാങ്കിങ് ആണെങ്കിൽ ഒടിപി വരാൻ വൈകുന്നതും വരാതിരിക്കുന്നതും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാതെ പോകുന്നതിന് കാരണമാകും. അതിനാൽ വേ​ഗത്തിൽ പണമടക്കുന്നതിനായി ഐആർടിസിയുടെ ഇ-വാലറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഒറ്റ ക്ലിക്കിൽ തന്നെ പണമിടപാട് നടക്കും. അതുകൊണ്ട് തന്നെ ടിക്കറ്റിന് എത്ര രൂപയാകുമോ അത്രയും രൂപ ഇ വാലറ്റിൽ ചേർക്കുക. ഇത് പെട്ടെന്ന് ടിക്കറ്റ് ലഭ്യമാക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *