Your Image Description Your Image Description

ഫെയ്സ്ബുക്കിന്റെ പ്രതാപം കുറഞ്ഞുവരുന്നുവെന്ന യാഥാര്‍ഥ്യം ഏറെക്കാലമായി സക്കര്‍ബര്‍ഗിനെ അലട്ടുന്ന പ്രശ്നമാണ്. 2022 ല്‍ സക്കര്‍ബര്‍ഗും ഫെയ്സ്ബുക്ക് മേധാവി ടോം അലിസണും തമ്മില്‍ നടത്തിയ ഇമെയില്‍ ആശയവിനിമയങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആരംഭിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട തെളിവുകള്‍ വ്യതക്തമാക്കുന്നത്.

ഫെയ്സ്ബുക്കിന്റെ പ്രസക്തി നഷ്ടമാകുന്നുവെന്ന് സക്കര്‍ബര്‍ഗ് തിരിച്ചറിഞ്ഞിരുന്നു. കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് ചേക്കേറുന്നതും അദ്ദേഹത്തെ അലട്ടി. ഫെയ്സ്ബുക്കില്‍ ഇപ്പോഴും സജീവമായി ഉപഭോക്താക്കള്‍ ഇടപെടുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോമിന് മുമ്പ് ഉണ്ടായിരുന്നത്ര സാമൂഹിക, സാംസ്‌കാരിക പ്രസക്തി ഇന്നില്ലെന്നാണ് സക്കര്‍ബര്‍ഗ് ഉള്‍പടെയുള്ള മേധാവികളുടെ ആശങ്ക. ഇമെയില്‍ സന്ദേശങ്ങളില്‍ അത് വ്യക്തമാണ്.

സാമൂഹിക പ്രസക്തി കുറയുന്നത് പ്ലാറ്റ്ഫോമിനെ മൊത്തതില്‍ ബാധിക്കുമെന്ന് സക്കര്‍ബര്‍ഗ് ആശങ്ക പ്രകടിപ്പിക്കുന്നു. ഫ്രണ്ട്ഷിപ്പ് അഥവാ സൗഹൃദ വലയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫെയ്സ്ബുക്കിന്റെ നെറ്റ് വര്‍ക്ക് കാലഹരണപ്പെട്ടു എന്നാണ് പ്രധാന നിരീക്ഷണം.ഉപഭോക്താക്കളുടെ സുഹൃദ് വലയങ്ങളുടെ ഗ്രാഫുകള്‍ പഴകിയിരിക്കുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ അവരെ കേള്‍ക്കാനോ ബന്ധപ്പെടാനോ ഇഷ്ടപ്പെടുന്നവരില്ലെന്നും സക്കര്‍ബര്‍ഗ് ഇമെയില്‍ സന്ദേശങ്ങളിലൊന്നില്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമോ എക്‌സോ പോലെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ക്രിയേറ്റര്‍മാരേയും ഇന്‍ഫ്‌ളുലന്‍സര്‍മാരേയും ഫോളോ ചെയ്യുന്ന നിലയിലേക്ക് സ്വന്തം സോഷ്യല്‍ മീഡിയാ ഉപയോഗരീതി പോലും മാറിയെന്ന് സക്കര്‍ബര്‍ഗ് തുറന്നു സമ്മതിക്കുന്നുണ്ട്. സുഹൃത്തുക്കളില്‍ മാത്രം കേന്ദ്രീകരിക്കുന്നത് കാരണം ഫെയ്സ്ബുക്കിന് അടിത്തറ നഷ്ടമാകുന്നുണ്ടെന്നും ആധുനിക രീതിയില്‍ ഫോളോവര്‍മാരെ അടിസ്ഥാനമാക്കിയുള്ള രീതി അവലംബിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു.

ഈ പ്രശ്നം നേരിടാന്‍ ഒരുവേള മുഴുവന്‍ ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെയും ഫ്രണ്ട്സ് ലിസ്റ്റിലുള്ള സുഹൃത്തുക്കളെയെല്ലാം നീക്കം ചെയ്ത്, അവരെ വീണ്ടും ആദ്യം മുതല്‍ ഫെയ്സ്ബുക്ക് അനുഭവം ആരംഭിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ഭ്രാന്തന്‍ ആശയം വരെ സക്കര്‍ബര്‍ഗ് ആലോചിച്ചിരുന്നുവെന്നും ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അത് നടപ്പാക്കിയില്ല.

ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളെ ഏറ്റെടുത്ത മെറ്റയുടെ നടപടി വിപണിയിലെ മേധാവിത്വത്തിന്റെ ദുരുപയോഗമാണെന്നാരോപിച്ചാണ് എഫ്ടിസ് കേസ് ആരംഭിച്ചത്. ഫെയ്സ്ബുക്കിന് ഭീഷണിയാകുമെന്ന് ഭയന്നാണ് ഈ പ്ലാറ്റ്ഫോമുകള്‍ എറ്റെടുത്തതെന്നും പിടിച്ചെടുത്ത് നശിപ്പിക്കുകയെന്ന തന്ത്രമാണ് കമ്പനി ലക്ഷ്യമിട്ടതെന്നും എഫ്ടിസി ആരോപിക്കുന്നു.

എന്നാല്‍ തനിക്ക് അങ്ങനെ ഒരു ആശങ്ക ഉണ്ടായിരുന്നില്ലെന്നും താന്‍ ഏറ്റെടുത്തതിന് ശേഷമാണ് ഇന്‍സ്റ്റഗ്രാമും വാട്സാപ്പും മെച്ചപ്പെട്ടതെന്നുമാണ് സക്കര്‍ബര്‍ഗിന്റെ വാദം. വാട്സാപ്പിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും ഉപഭോക്താക്കളുടെ എണ്ണം ഫെയ്സ്ബുക്കിന് വെല്ലുവിളിയായതും ഏറ്റെടുക്കലിന് ശേഷമാണെന്നും മെറ്റ കോടതിയില്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *