Your Image Description Your Image Description

പാലക്കാട്: ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിം​ഗ് വിദ്യാ‍ർഥിക്ക് എതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിം​ഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥി എസ് യദുവിന്റെ (21) പേരിലാണ് പോലീസ് കേസ് എടുത്തത്. ഇയാൾ ഇൻസ്റ്റ​ഗ്രാമിൽ മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. വിദ്യാർഥിയെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 79, ഐ ടി ആക്ടിലെ 67-എ, കേരള പോലീസ് ആക്ട് 120 വകുപ്പുകൾ പ്രകാരമാണ്‌ കേസ് എടുത്തിരിക്കുന്നത്.

കോളേജിൽ നിന്നും സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികൾക്കൊപ്പം നിന്ന് ഫോട്ടോയെടുക്കും. പിന്നീട് ഈ ഫോട്ടോ ക്രോപ്പ് ചെയ്ത് അശ്ലീല അടിക്കുറിപ്പുകളോടെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പോസ്റ്റ് ചെയ്യും. ഫോട്ടോ കണ്ട് അന്വേഷിച്ചെത്തുന്നവരോട് പെൺകുട്ടിയെ കുറിച്ച് മോശമായി സംസാരിക്കും. ഇതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു. സമൂഹ മാധ്യമങ്ങളിൽ ചിത്രം ശ്രദ്ധയിൽപ്പെട്ട മറ്റു കോളജുകളിലെ വിദ്യാർത്ഥികളാണ് പെൺകുട്ടികളെ ഇക്കാര്യമറിയിച്ചത്. സ്വന്തം ഫോട്ടോകൾ ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞതോടെ വിദ്യാർത്ഥിനികൾ കോളേജ് അധികൃതർക്ക് പരാതി നൽകി. ആരോപണ വിധേയനായ യദുവിൻ്റെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇതോടെ വിദ്യാർത്ഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

കോളേജിലെത്തി യദുവിൻ്റെ ഫോൺ, ലാപ്ടോപ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 ലേറെ വിദ്യാർത്ഥിനികളാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രതിക്കെതിരെ ആദ്യം ദുർബല വകുപ്പുകൾ ചുമത്തിയ പൊലീസ് പരാതിക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഐ ടി ആക്ട് പ്രകാരം ജാമ്യമില്ലാവകുപ്പ് കൂടി ചേർക്കുകയായിരുന്നു. അതേസമയം കേസെടുത്തെങ്കിലും പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് വിദ്യാർത്ഥികളുടേയും കോളേജ് അധികൃതരുടേയും ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *