Your Image Description Your Image Description

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഓരോ കാര്യങ്ങളും സാധാരണ മനുഷ്യര്‍ക്ക് അത്ഭുതമാണ്. നിലയത്തിലെ സഞ്ചാരികള്‍ക്ക് പോലും ആകാംക്ഷ നല്‍കുന്നതാണ് സീറോ-ഗ്രാവിറ്റിയിലുണ്ടാകുന്ന പല സംഭവവികാസങ്ങളും. ഐഎസ്എസിലെ സഞ്ചാരിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള കൗതുകകരമായ അനേകം ഫോട്ടോകളും വീഡിയോകളും ലോകത്തിനു കാണിച്ചു തന്നിട്ടുള്ള ഫോട്ടോഗ്രാഫറുമാണ് ഡോണ്‍ പെറ്റിറ്റ്. രസകരമായ ഒരു വീഡിയോയാണ് അദ്ദേഹം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

‘ടു ലെഗ്‌സ് അറ്റ് എ ടൈം’ എന്ന കുറിപ്പോടെയാണ് പെറ്റിറ്റ് വീഡിയോ 2025 ഫെബ്രുവരി 21ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഭൂമിയിലുള്ള നാം മനുഷ്യര്‍ക്ക് ഒരു പാന്‍റ്‌സ് ധരിക്കണമെങ്കില്‍ ചില്ലറ സാഹസികത കൂടിയേ തീരൂ. ഒരേസമയം രണ്ട് കാലുകളും പാന്‍റ്‌സിലേക്ക് നിന്നുകൊണ്ട് പ്രവേശിപ്പിക്കുക പ്രയാസമാണ് എന്നിരിക്കേ ഒറ്റക്കാലില്‍ നിന്ന് പാന്‍റിടുക അത്ര എളുപ്പമല്ല. എന്നാല്‍ ബഹിരാകാശത്ത് മറിച്ചാണ് കാര്യങ്ങള്‍! സീറോ-ഗ്രാവിറ്റിയാണ് എന്നതുകൊണ്ടുതന്നെ, വേണമെങ്കില്‍ രണ്ട് കാലുകളും പാന്‍റ്‌സിലേക്ക് ഒരേസമയം പ്രവേശിപ്പിക്കാം. ഈ അത്യാകര്‍ഷകമായ ദൃശ്യങ്ങളാണ് നിലയത്തിലെ നാസയുടെ സഞ്ചാരിയായ ഡോണ്‍ പെറ്റിറ്റ് എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.

പെറ്റിറ്റ് മുമ്പ് എക്സ് അക്കൗണ്ടില്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന ഭൂമിയിലെ വ്യത്യസ്തമായ സ്ഥലങ്ങളും ടറൈനുകളും ഭൂമിക്ക് മുകളിലുള്ള ധ്രുവദീപ്തിയും പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെയും മറ്റ് ബഹിരാകാശ വസ്തുക്കളുടെയും സാന്നിധ്യവുമെല്ലാം ഷെയര്‍ ചെയ്തിരുന്നു. ഈ വീഡിയോകളും ചിത്രങ്ങളും വലിയ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *