Your Image Description Your Image Description

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ഒരു കള്‍ട്ട് ക്ലാസിക് ചിത്രമാണ് ധ്രുവം. 1993 ജനുവരി 27നാണ് അന്ന് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തത്. ചിത്രം ഇപ്പോള്‍ ഒടിടിയിലും ലഭ്യമാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ മമ്മൂട്ടി ചിത്രം സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്.

അക്കാലത്തെ മാത്രമല്ല ഇന്നും ഒരുപാട് ആളുകൾ റിപ്പീറ്റ് ചെയ്തു കാണുന്ന ഒരു ഹിറ്റ് ചിത്രമാണ് ധ്രുവം. ‘നരസിംഹ മന്നാടിയാര്‍’ എന്ന നായക കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി അന്ന് സിനിമാപ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. സംവിധാനം നിര്‍വഹിച്ചതാകട്ടെ ജോഷിയും ആയിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് ദിനേശ് ബാബുവാണ്. ഗൗതമി, ടൈഗര്‍ പ്രഭാകര്‍, ജയറാം, സുരേഷ് ഗോപി, ജനാര്‍ദനൻ, വിക്രം, അസീസ്, കൊല്ലം തുളസി, വിജയരാഘവൻ, ബാബു നമ്പൂതിരി, മീര്‍, എം എസ് തൃപ്പുണിത്തുറ, അലിയാര്‍, അപ്പഹാജ, ടി ജെ രവി, രുദ്ര, അരുണ്‍കുമാര്‍ തുടങ്ങി മികച്ച ഒരുപാട് കഥാപാത്രങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു ചിത്രം. എസ് എൻ സ്വാമിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. എം മണിയാണ് ചിത്രം നിര്‍മിച്ചത്. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാണം. അരോമ റിലീസാണ് ചിത്രത്തിന്റെ വിതരണം.

ആ റോള്‍ മമ്മൂട്ടിയിലെത്തിയ കഥ പറഞ്ഞ് രചയിതാവ്…

എസ്എന്‍ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് എകെ സാജന്‍ ആയിരുന്നു. ഒരു അഭിമുഖത്തില്‍ ഈ സിനിമ ഉണ്ടായ കഥ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ധ്രുവം എന്ന സിനിമ മനസ്സില്‍ ഉണ്ടായിരുന്നപ്പോള്‍ അതിലെ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിന് അധികം പ്രാധാന്യം ഇല്ലായിരുന്നു, ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രം ശരിക്കും ആരാച്ചാര്‍ ആയിരുന്നു.

ആരാച്ചാര്‍ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും, മോഹന്‍ലാലിനോട് പറഞ്ഞിരുന്നു , അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്കു ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നു എന്ന് പറഞ്ഞവര്‍ പിന്‍വാങ്ങുകയായിരുന്നു. പിന്നീട് ഈ കഥ എസ്എന്‍ സ്വാമിയോട് പറയുകയും അതില്‍ ആരാച്ചാര്‍ എന്ന കഥാപാത്രത്തെ ഒരിക്കലും മമ്മൂട്ടിക്ക് കൊടുക്കാന്‍ കഴിയില്ല എന്നും മമ്മൂട്ടിക്ക് ഒരു ഹീറോ പരിവേഷം നല്‍കണമെന്നും സ്വാമി പറഞ്ഞു, അങ്ങനെയാണ് ധ്രുവത്തിലെ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തിനു ജീവന്‍ വന്നതെന്നും സാജന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *