Your Image Description Your Image Description

പുനലൂർ: മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയെ വീണ്ടും മോഷണക്കേസിൽ പിടികൂടി. വിളക്കുടി ധർമപുരി ഷീജ ഭവനിൽ ഷിബുവെന്നും സുജിത്തെന്നും അറിയപ്പെടുന്ന ഷിജു (39) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ തിരുപ്പതി ജയിലിൽ നിന്നും ഇയാൾ കഴിഞ്ഞ ഡിസംബർ ആറിനാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ശേഷം തമിഴ്‌നാട്ടിലും പിന്നീട് പുനലൂരും എത്തിയാണ് മോഷണം നടത്തിയത്.

പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് ഷിജു പ്രധാനമായും മോഷണം നടത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. കേരളം കൂടാതെ മറ്റ് പല
സംസ്ഥാനങ്ങളിലും ഇയാൾ ഒട്ടേറെ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കുറ്റകൃത്യങ്ങളിൽ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. ഇളമ്പൽ പാപ്പാരംകോട് വച്ചാണ് പുനലൂർ എസ്എച്ച്ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടിയത്. ഈ സമയം ഷിജുവിന്റെ ഒപ്പമുണ്ടായിരുന്ന സഹായി സനോജ് രക്ഷപ്പെട്ടു. മോഷണ വസ്തുക്കൾ വിൽക്കാൻ സാഹായിച്ചിരുന്ന ആളാണു സനോജ്.

പിടികൂടാനെത്തിയ പോലീസിനെ പ്രതി സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു. മലയോര ഹൈവേയിൽ തൊഴിക്കോട് പുനലൂർ അഗ്നിരക്ഷാ നിലയത്തിന് എതിർവശത്തെ രാജീവൻ നായർ– രാജേശ്വരിയമ്മ ദമ്പതികളുടെ പൂട്ടിയിട്ടിരുന്ന വീടിന്റെ മുൻ വാതിൽ പൊളിച്ച് നടത്തിയ മോഷണമാണ് ഏറ്റവും അവസാനത്തേതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച സമാനമായ രീതിയിൽ നടന്ന ചില മോഷണങ്ങൾക്ക് പിന്നിലും പ്രതിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മാത്രയിലുള്ള ടാക്സി ഡ്രൈവറുടെ വീട്, പിറവന്തൂർ വാഴത്തോപ്പിലെ വീട്, വെഞ്ചേലുള്ള സ്വകാര്യ ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലായിരുന്നു മോഷണം നടന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ്എച്ച്ഒ രാജേഷ്കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *