Your Image Description Your Image Description

കൊച്ചി: തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കോടതി വഴി പരാതി നൽകണമെന്ന് അറിയിച്ച് കൊച്ചി പൊലീസ്. നിലവിലെ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. നടിയുടെ പരാതിയിൽ രാഹുൽ ഈശ്വർ പ്രതിയല്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാേപേക്ഷയിൽ അറസ്റ്റ് തടയാതിരുന്ന കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു. അതേസമയം, ഹര്‍ജി നൽകിയെങ്കിലും രാഹുലിന്‍റെ അറസ്റ്റ് കോടതി ഇതുവരെ തടഞ്ഞിട്ടില്ല.

എറണാകുളം സെന്‍ട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശ്ശൂർ സ്വദേശിയും സമാന രീതിയിൽ രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്‍റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപകമായി പ്രചാരണമുണ്ടായി. ഇത് ചൂണ്ടികാണിച്ചാണ് നടി ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്‍റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസിന്‍റെ ആവശ്യം. രാഹുല്‍ ഈശ്വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളടക്കം പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *