Your Image Description Your Image Description

നിമിഷംതോറും കാണികളിൽ ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദവിന്യാസവുമായി ‘വടക്കന്‍’ സിനിമയുടെ ട്രെയിലര്‍ പുറത്ത്. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത മലയാളം സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ത്രില്ലറായ ‘വടക്കന്‍’ മാര്‍ച്ച് ഏഴിന് തിയേറ്ററുകളിലെത്തും. കേരളത്തിലെ മനോഹരമായ ലൊക്കേഷനുകളായ കുട്ടിക്കാനം, വാഗമണ്‍, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി മലയാള സിനിമയിലെ ആദ്യത്തെ തന്നെ ഓഡിയോ ട്രെയിലര്‍ ലോഞ്ച് അടുത്തിടെ നടന്നിരുന്നത് ഏറെ ശ്രദ്ധ കവര്‍ന്നിരുന്നു. ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇറ്റലിയിലെ അഭിമാനകരമായ 78-ാമത് ഫെസ്റ്റിവല്‍ ഇന്റര്‍നാഷണല്‍ ഡെല്‍ സിനിമ ഡി സലേര്‍നോ 2024 (78ാമത് സലേര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍) യില്‍ ഒഫീഷ്യല്‍ കോംപറ്റീഷനില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തിന്റെ എക്‌സ്‌ക്ലൂസീവ് പ്രീമിയര്‍, ഇന്‍വൈറ്റ് ഒണ്‍ലി മാര്‍ക്കറ്റ് പ്രീമിയര്‍ ലോക പ്രശസ്ത കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മാര്‍ഷെ ദു ഫിലിം 2024-ല്‍ ഹൊറര്‍, ഫാന്റസി സിനിമകള്‍ക്കായുള്ള പ്രത്യേക വിഭാഗമായ ഫന്റാസ്റ്റിക് പവലിയനില്‍ ഈ വര്‍ഷം ആദ്യം നടന്നിരുന്നു.

സെലിബ്രിറ്റികളും ഹൊറര്‍ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്‌ക്രീനിങ്ങില്‍ 7 സിനിമകളില്‍ ഒന്നായാണ് വടക്കന്‍ തെരഞ്ഞെടുക്കപ്പെട്ടത്. റസൂല്‍ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാല്‍, ഉണ്ണി ആര്‍. എന്നീ പ്രശസ്തര്‍ അണിയറയില്‍ ഒരുമിക്കുന്ന ‘വടക്കന്‍’ ഈ വിഭാഗത്തില്‍ ഇടംനേടിയ ഏക മലയാളചിത്രവുമാണ്. അതുപോലെ അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ ചിത്രമായി ‘വടക്കന്‍’ ചരിത്രം രചിച്ചിരുന്നു. ഫ്രാന്‍സിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം വിന്നറായിരുന്നു ‘വടക്കന്‍’. മലയാളികള്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കും ‘വടക്കന്‍’ എന്നാണ് നിര്‍മ്മാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോയിലെ ജയ്ദീപ് സിംഗ്, ഭവ്യ നിധി ശര്‍മ്മ എന്നിവരുടെ ആത്മവിശ്വാസം.

യുഎസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ആരംഭം കുറിച്ച ഓഫ്ബീറ്റ് മീഡിയ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുള്ള ഏറെ വ്യത്യസ്തമായ കഥകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമായ 101കിറശമ.രീാന് പിന്നിലെ സര്‍ഗ്ഗാത്മക ശക്തിയാണ്. അവരുടെ ബാനറായ ഓഫ് ബീറ്റ് സ്റ്റുഡിയോസിന് കീഴില്‍ മലയാള സിനിമാലോകത്ത് അത്യന്തം വേറിട്ടുനില്‍ക്കുന്ന സിനിമകളൊരുക്കാനൊരുങ്ങുകയാണ്.
നേരത്തെ, കൊച്ചിയില്‍ നടന്ന എന്‍എഫ്ടി എക്‌സിബിഷന്‍ ‘മിഥ്‌സ് ആന്‍ഡ് മീമ്‌സ്’ പപ്പായ കഫേയുമായി സഹകരിച്ച് ഓഫ്ബീറ്റ് മീഡിയയുടെ 101India.com ക്യൂറേറ്റ് ചെയ്തിരുന്നു. മലയാളി സിനിമാ പ്രേക്ഷകര്‍ക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത കഥകളൊരുക്കുന്ന യൂണിവേഴ്‌സില്‍ ആദ്യത്തേതായാണ് ‘വടക്കന്‍’ എത്തുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവില്‍ ഒരുങ്ങുന്ന ഒരു സൂപ്പര്‍നാച്ചുറല്‍ ത്രില്ലറാണ് ‘വടക്കന്‍’. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്.

ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്‌കോ നകഹാര ഛായാഗ്രഹണം ഒരുക്കുന്നു. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു. ആഗോളതലത്തില്‍ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം ‘വടക്കനി’ല്‍ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ഒരുക്കുന്നത്.

കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്‌സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *