Your Image Description Your Image Description

കേരളത്തിലെ വനമേഖലകളില്‍ ടൂറിസം സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി മൈക്രോ ലെവലിലുള്ളതു മുതല്‍ ഉന്നത നിലവാരം വരെയുള്ള ടൂറിസം വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇത്തരത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വനം വകുപ്പും ടൂറിസം വകുപ്പും പരസ്പരം സഹകരിച്ച് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ കണ്ടെത്തി അവ വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമാകും വിധം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപയാണ് ഗവിയിലെ ഇക്കോ ടൂറിസം സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നവീകരിക്കുന്നതിനായി അനുവദിച്ചത്. സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ആധുനികരിച്ച ഇക്കോ കോട്ടെജുകള്‍, ഭക്ഷണശാല, ബോട്ടിംഗ് സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ഗവി ഇക്കോ ടൂറിസം സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വൈസ് പ്രസിഡന്റ് ഇ എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ്, വാര്‍ഡ് അംഗം ഗംഗമ്മ മുനിയാണ്ടി, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷ്, കെ എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ ജോര്‍ജി. പി. മാത്തച്ചന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, കെ എഫ് ഡി സി ഡയറക്ടര്‍മാരായ പി ആര്‍ ഗോപിനാഥന്‍, കെ എസ് ജ്യോതി, അബ്ദുല്‍ റസാഖ് മൗലവി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ എസ് അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *