Your Image Description Your Image Description

ഏറെ പഴക്കമുള്ള ചരിത്രാതീത കാലത്തെ മാംസഭോജിയായ ബാസ്റ്റെറ്റോഡണ്‍ സിര്‍ടോസിന്റെ തലയോട്ടി കണ്ടെടുത്ത് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഈജിപ്തിലെ ഫായും താഴ്വാരത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. മൂന്ന് കോടി വര്‍ഷം പ്രായമുള്ള ഈ തലയോട്ടിയുടെ കണ്ടെത്തല്‍, പ്രാചീന ആഫ്രിക്കന്‍ ഇരപിടിയന്‍ ജീവികളെ കുറിച്ചും അവയുടെ പരിണാമത്തെ കുറിച്ചും അവയുടെ വംശനാശത്തിനിടയാക്കിയ കാലാവസ്ഥയെ കുറിച്ചുമെല്ലാമുള്ള ഒട്ടേറെ വിവരങ്ങളിലേക്ക് വഴികാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂര്‍ച്ചയുള്ള പല്ലുകളും ഉറപ്പുള്ള താടിയെല്ലും ഇരയെ ശക്തിയോടെ കടിച്ചുപിടിക്കാനുള്ള ബാസ്റ്റെറ്റോഡണിന്റെ ശേഷിയെ കുറിച്ച് സൂചന നല്‍കുന്നു. പുള്ളിപ്പുലിയുടെ വലിപ്പമുള്ള ഭീതി ജനിപ്പിക്കുന്ന രൂപമുള്ള ഇരപിടിയന്‍ സസ്തനിയായിരുന്നു ഈ ബാസ്റ്റെറ്റോഡണ്‍ സിര്‍ട്ടോസ് എന്നാണ് കരുതുന്നത്. അക്കാലത്ത് ഭക്ഷ്യശൃംഖലയില്‍ ഏറ്റവും മുകളിലുണ്ടായിരുന്ന മാംസഭോജിയും ഈ ജീവി ആയിരുന്നിരിക്കണം.

വെര്‍ട്ടെബ്രേറ്റ് പാലിയോന്റോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പഠനത്തില്‍ ഈ ഇരപിടിയന്‍ ജീവി ഈജിപ്തിലെ ഫായൂമിലുണ്ടായിരുന്ന സമൃദ്ധമായ വനപ്രദേശത്തെ സഹജീവികളായ ഹിപ്പോകള്‍, ആനകള്‍, ഹൈറാക്‌സ് എന്നിവയെ എല്ലാം എങ്ങനെയാണ് വേട്ടയാടിയിരുന്നതെന്ന് വിശദമാക്കുന്നുണ്ട്.

കഴുതപ്പുലികളെ പോലെയുള്ള പല്ലുകൾ

ഹയനോഡോണ്ടുകള്‍ എന്നറിയപ്പെടുന്ന വംശനാശം സംഭവിച്ച മാംസഭോജികളായ സസ്തനികളുടെ വിഭാഗത്തില്‍ പെടുന്ന ഒരു ഇനമാണ് ബാസ്റ്റെറ്റോഡണ്‍. പൂച്ചകള്‍, നായ്ക്കള്‍, കഴുതപ്പുലികള്‍ തുടങ്ങിയ ആധുനിക മാംസഭോജികള്‍ ഉണ്ടാകുന്നതിന് വളരെ മുമ്പുതന്നെ ഹയനോഡോണ്ടുകള്‍ക്ക് പരിണാമം സംഭവിച്ചു. ദിനോസറുകളുടെ വംശനാശത്തിന് ശേഷമുള്ള കാലഘട്ടത്തില്‍ ആഫ്രിക്കന്‍ പരിതസ്ഥിതിയില്‍ ജീവിച്ച ഈ ജീവികള്‍ കഴുതപ്പുലികളെ പോലെയുള്ള പല്ലുകളുമായാണ് ഇരകളെ വേട്ടായിടിയിരുന്നത്.
ദിവസങ്ങളെടുത്ത ഉത്ഖനനത്തിനൊടുവിലാണ് ശിലാപാളികള്‍ക്കിടയില്‍ നിന്ന് മൂന്ന് കോടി വര്‍ഷം പഴക്കമുള്ള ഈ ഫോസിലുകള്‍ കണ്ടെത്തിയതെന്ന് ഗവേഷകനായ ഷോറൂഖ് അല്‍ അഷ്ഖര്‍ പറഞ്ഞു.

ജോലി അവസാനിപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് ടീംമംഗങ്ങളില്‍ ഒരാള്‍ ഒരു കൂട്ടം പല്ലുകള്‍ നിലത്ത് നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്നതായി കണ്ടെത്തിയത്. ആവേശത്തോടെ അയാള്‍ അത് മറ്റ് ടീമംഗങ്ങളെ അറിയിക്കുകയും അത് സുപ്രധാനമായ ഈ കണ്ടെത്തലിലേക്ക് നയിക്കുകയും ചെയ്തു. ഒരു പ്രാചീന ഇരപിടിയന്‍ ജീവിയുടെ ഏറെ കുറെ പൂര്‍ണമായ തലയോട്ടിയായിരുന്നു അത്. ഏതൊരു വെര്‍ട്ടെബ്രേറ്റ് പാലിയോന്റോളജിസ്റ്റിന്റേയും ഒരു സ്വപ്‌ന നേട്ടമാണത് എന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *