Your Image Description Your Image Description

പട്ന: തൃശൂർ ചാലക്കുടിയിൽ ഫെഡറൽ ബാങ്കിൽ നടന്ന കവർച്ചയ്ക്ക് സമാനമായി ബിഹാറിലും കവർച്ച. വൈശാലി ജില്ലയിലെ ഹാജിപുർ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് കവർച്ച നടന്നത്. മാസ്ക് ധരിച്ച് ചെറിയ കൈത്തോക്കുമായി വന്ന് രണ്ട് കൗമാരക്കാരാണ് കവർച്ച നടത്തിയത്. വെറും 90 സെക്കൻഡിനുളളിൽ 1.5 ലക്ഷം കവർന്ന ശേഷം സംഘം ബാങ്ക് ജീവനക്കാരേയും ഉപഭോക്താക്കളേയും പൂട്ടിയിട്ട ശേഷം കടന്നുകളഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.

ബാങ്കിൽ മോഷണം നടത്തുന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊളളക്കാരിൽ ഒരാൾ ബാങ്കിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുളള ഉപഭോ​ക്താക്കളെ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം രണ്ടാമൻ പണം കവരുകയായിരുന്നു. ’17-18 വയസ് തോന്നിക്കുന്ന കൗമാരക്കാരായ രണ്ട് കവർച്ചക്കാർ ആയുധങ്ങളുമായി ബാങ്കിൽ കയറി. അവർ ബാങ്കിൽ നിന്ന് 1.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞു. പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരെയും ഉപഭോക്താക്കളെയും പൂട്ടിയിട്ട ശേഷം കൊള്ളക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു’, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ സുരഭി സുമൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ 15 ലക്ഷം രൂപ റിജോ ആന്റണി എന്നയാൾ കവർന്നത്. സംഭവത്തിൽ പ്രതി റിജോ ആന്റണിയെ 37 മണിക്കൂറിനകം പൊലീസ് പിടികൂടിയിരുന്നു. ഫെഡറൽ ബാങ്കിൽ നട്ടുച്ചയ്ക്ക് എത്തിയ റിജോ കത്തി കാണിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജീവനക്കാരെ വാഷ്റൂമിൽ പൂട്ടിയിട്ടുമാണ് പണം കവർന്നത്. രണ്ടര മണിക്കൂർ എടുത്തായിരുന്നു റിജോയുടെ മോഷണം. എന്നാൽ, സമീപ പ്രദേശങ്ങളിലെ ആയിരത്തോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *