Your Image Description Your Image Description

കഴിഞ്ഞവർഷം രാജ്യത്തെ സ്വകാര്യ മൊബൈൽ സേവനദാതാക്കൾ റീച്ചാർജ്ജ് നിരക്കുകൾ വർധിപ്പിച്ചതോടെയാണ് ബിഎസ്എൻഎല്ലിന് ശുക്രനുദിച്ചത് എന്ന് പറയാം. സ്വകാര്യ മൊബൈൽ കമ്പനികൾ എല്ലാം തന്നെ റീച്ചാർജ്ജ് പ്ലാനുകളിൽ വലിയ വർധനവ് വരുത്തിയപ്പോൾ പൊതുമേഖലാ മൊബൈൽ സേവനദാതാക്കളായ ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിൽ മാറ്റം വരുത്തിയില്ല എന്നത് മാത്രമായിരുന്നു സംഭവം. എന്നാൽ, ഇതിന് പിന്നാലെ ആരും പ്രതീക്ഷിക്കാത്ത വളർച്ചയാണ് ബിഎസ്എൻഎല്ലിന് ഉണ്ടായത്. ജനങ്ങൾ കൂട്ടത്തോടെ സ്വകാര്യ മൊബൈൽ നെറ്റ് വർക്കുകളെ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് ചേക്കേറി. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് നമ്പർ പോർട്ട് ചെയ്ത് എത്തിയത്. സംഭവം കളറായെന്ന് മനസ്സിലായതോടെ രം​ഗം കൊഴുപ്പിക്കാൻ തന്നെ ബിഎസ്എൻഎൽ തീരുമാനിച്ചു. ഇതോടെ ഒന്നിലേറെ ജനപ്രിയ റീച്ചാർജ്ജ് പ്ലാനുകളും പൊതുമേഖലാ മൊബൈൽ സേവനദാതാക്കൾ അവതരിപ്പിച്ചു. സ്വകാര്യ മേഖലയെ വിട്ട് ബിഎസ്എൻഎല്ലിലേക്ക് വരുന്നവരുടെ എണ്ണം ഇതോടെ വീണ്ടും വർധിച്ചു.

രാജ്യം ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളോട് മത്സരിച്ച് മുന്നേറിയത്. മുന്നേറ്റത്തിന് തടയിടാൻ ഒരുപാട് ഘടകങ്ങളുണ്ടായിരുന്നെങ്കിലും അതൊന്നും ബിഎസ്എൻഎല്ലിനെ ബാധിച്ചതേയില്ല. 5ജി പ്ളാനുകളുമായി എത്തിയ വി,​ ജിയോ,​ എയർടെൽ എന്നിവക്ക് മുന്നിലാണ് 5 ജി ഇല്ലാത്ത ബിഎസ്എൻഎൽ പൊരുതിനിൽക്കുന്നത്. ഇപ്പോഴിതാ സ്വകാര്യ മൊബൈൽ സേവന ദാതാക്കളുടെ നെറുകയിൽ തല്ലുന്ന തരം ഒരു പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കുള്ള ബിഎസ്‌എൻഎല്ലിന്റെ പ്ളാനിന്റെ സ്വീകാര്യത മറ്റ് കമ്പനികളെ വില കുറയ്‌ക്കാൻ പ്രേരിപ്പിച്ചിരിക്കുകയാണ്.

1198 രൂപയുടെ 365 ദിവസം വാലിഡിറ്റിയുള്ള പ്ളാനാണ് ബിഎസ്‌എൻഎൽ അവതരിപ്പിച്ചത്. പുതിയ പ്ലാനിൽ പ്രതിമാസം മൂന്ന് ജിബി ഡാറ്റയടക്കം 36 ജിബി ഡാറ്റയും മാസം 300 മിനുട്ട് വോയിസ് കോളും 30 എസ്‌എംഎസ് പ്രതിമാസവും സൗജന്യമായി ലഭിക്കും. റോമിംഗും സൗജന്യമാണ്. ഇതോടെ വി, എയർടെൽ അടക്കം കമ്പനികൾക്ക് അവരുടെ പ്ളാനുകളെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടി വന്നിരിക്കുകയാണ്.

ഇതേ കാലാവധിയുള്ള 5ജി പ്ളാൻ അവതരിപ്പിക്കുന്ന മറ്റ് മിക്ക കമ്പനികളിലും മൂന്നിരട്ടി പണമാണ് വാങ്ങുന്നത്. എന്നാൽ ഓഫറുകളിൽ നേരിയ വ്യത്യാസമുണ്ട് എന്നത് വാസ്തവമാണ്. മിക്ക കമ്പനികളും പ്രതിദിനം രണ്ട് ജിബി ഡാറ്റയും 100 എസ്എംഎസ് സൗജന്യവുമുണ്ട്. 1198ന് പുറമേ രണ്ട് ബഡ്‌ജറ്റ് സൗഹൃദ പ്ളാനുകളും ബിഎസ്‌എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. 90 ദിവസം കാലാവധിയുള്ള 411 രൂപയുടെ പ്ളാനും ഒരു വർഷം കാലാവധിയുള്ള 1515 രൂപയുടെ പ്ളാനുമാണ് അവ.

സ്വകാര്യ കമ്പനികളുമായുള്ള മത്സരം കടുപ്പിച്ചതോടെ ബിഎസ്എൻഎൽ ലാഭത്തിലേക്കെത്തിയിരുന്നു. വെറുതെ ലാഭം എന്ന് പറഞ്ഞാൽ പോരാ കേട്ടോ. 18 വർഷത്തിന് ശേഷമാണ് നമ്മുടെ ബിഎസ്എൻഎൽ ലാഭം എന്തെന്നറിഞ്ഞത്. അതും ചില്ലറ കാശൊന്നുമല്ല കേട്ടോ. 262 കോടിയുടെ ലാഭമാണ് രാജ്യത്താകെ ബിഎസ്‌എൻഎല്ലിന് ഈയടുത്ത്‌ ലഭിച്ചത്. സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലാണ് ഏറെ പ്രതിസന്ധികളെ മറികടന്ന് കമ്പനി ലാഭത്തിലെത്തിയത്. വെറുതെയങ്ങ് ലാഭത്തിലെത്തി എന്ന് നിങ്ങളാരും കരുതരുത്. സ്വകാര്യ മേഖലയോട് മത്സരിക്കാൻ മനസ് കാണിച്ചു എന്നത് തന്നെയാണ് പ്രധാനം. നവീകരണം, നെറ്റ്‌വർക്ക് വിപുലീകരണം തുടങ്ങിയവയ്ക്ക് പിന്നാലെ വരുമാനം ഉയർന്നതും ചെലവ് കുറയ്ക്കൽ നടപടികളും ബിഎസ്എൻഎല്ലിനെ ലാഭത്തിലേക്ക് നയിച്ചു.

2007-ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു നേട്ടം ബിഎസ്എൻഎൽ കൈവരിക്കുന്നത്. ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് നിർണായകമായ വഴിത്തിരിവാണിതെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടിയിരുന്നു. 262 കോടി രൂപയാണ് ബിഎസ്എൻഎൽ ലാഭം കൊയ്തത് എന്ന് പറഞ്ഞല്ലോ. അതിൽ മലയാളികളായ നമ്മൾക്കും അഭിമാനിക്കാം. കാരണം, ഇതിൽ മൂന്നിലൊന്നും നേടിക്കൊടുത്തത് കേരളത്തിൽ നിന്നാണ്. 80 കോടിയാണ് കേരളത്തിൽ നിന്നും ബിഎസ്‌എൻഎല്ലിന് കിട്ടിയ ലാഭം. അത് ചെറിയ കാര്യമല്ല.

2024 ജൂണിൽ ബിഎസ്എൻഎൽ ഉപയോക്താക്കളുടെ എണ്ണം 8.4 കോടിയായിരുന്നു. 2024 ഡിസംബറിൽ അത് ഒമ്പതു കോടിയായി വർധിച്ചു. 2025 മാർച്ച് 31ന് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വരുമാന വളർച്ച 20 ശതമാനം കവിയുമെന്നാണ് പ്രതീക്ഷ. ബിഎസ്എൻഎല്ലിന്റെ മൊബിലിറ്റി സേവന വരുമാനം 15 ശതമാനം വർദ്ധിച്ചു. ഫൈബർ ടു ദി ഹോം വരുമാനവും 18 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഏതായാലും മൊത്തത്തിൽ പൂട്ടുവീഴുമെന്ന് ഒരിക്കൽ ഏവരും കരുതിയിരുന്ന ബിഎസ്എൻഎൽ ഇപ്പോൾ നടത്തുന്ന മുന്നേറ്റം രാജ്യത്തെ പൊതുമേഖലക്ക് ആകെ അഭിമാനവും ആത്മവിശ്വാസവും നൽകുന്നതാണ്.

രാജ്യത്താകെ 4ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബിഎസ്‌എൻഎൽ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *