Your Image Description Your Image Description

ന്യൂയോർക്ക്: ടെക് ഭീമനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) കമ്പനിയായ എക്സ്എ.ഐ, എ.ഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ പുറത്തിറക്കി. നിലവിലുള്ള എ.ഐ മോഡലുകളെ അതിശയിപ്പിക്കുന്നതാണ് ഗ്രോക് 3 എന്നാണ് മസ്കിന്റെ അവകാശവാദം. ‘ഭൂമിയിലെ ഏറ്റവും മികച്ച എ.ഐ’ എന്നാണ് ഗ്രോക് 3യെ കുറിച്ച് മസ്ക് പറയുന്നത്. ‌

ആദ്യഘട്ടത്തിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സ് ഉപയോക്താക്കൾക്ക് ഗ്രോക് 3യുടെ സേവനം ലഭ്യമാകും. പല പോസ്റ്റുകൾക്കും വലതുവശത്തായി ഗ്രോക് എ.ഐ ഐക്കൺ കൊടുത്തിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ആ പോസ്റ്റിനെക്കുറിച്ച് ഗ്രോക് എ.ഐയുടെ വിശദീകരണം വായിക്കാനാകും. എക്സിലെ പ്രീമിയം വരിക്കാർക്കാണ് ഗ്രോക് 3ന്റെ മെച്ചപ്പെട്ട സേവനം ലഭ്യമാകുക. വളരെ മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ബുദ്ധിശക്തിയുള്ളതാണ് ഗ്രോക്ക് 3 എന്ന് മസ്ക് കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചിരുന്നു.

അതേസമയം, അടുത്തിടെ ദുബൈയിൽ നടന്ന വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ ഗ്രോക്ക് 3ക്ക് ലോകത്ത് നിലവിലുള്ള എ.ഐ മോഡലുകളെ‍ മറികടക്കാൻ കഴിയുമെന്ന് മസ്ക് പറഞ്ഞിരുന്നു. സിന്തറ്റിക് ഡേറ്റ ഉപയോഗിച്ച് പരിശീലിപ്പിക്കപ്പെട്ട ഗ്രോക്ക് 3, സ്വയം തെറ്റുകളിൽനിന്ന് പഠിക്കാനും യുക്തിപരമായ കൃത്യത ഉറപ്പ് വരുത്താനും കഴിയുന്നതാണെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. അടുത്തിടെ ചാറ്റ് ജി.പി.ടിക്ക് വെല്ലുവിളി ഉയർത്തിയ ചൈന ഡീപ്സീക്ക് ചാറ്റ്ബോട്ട് നിർമിച്ചു ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *