Your Image Description Your Image Description

പലതരം സാമ്പത്തിക തട്ടിപ്പുകൾ രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അധികൃതർ. ഇതുവഴി തട്ടിപ്പുകാർ ഉപഭോക്താവറിയാതെ ഫോൺകോളുകൾ തമ്മിൽ ബന്ധിപ്പിക്കുകയും ഒടിപി തട്ടിയെടുക്കുകയും ചെയ്യും. ഇതിലൂടെ പണമിടപാടുകൾ പൂർത്തീകരിക്കാനും പണം തട്ടാനും സാധിക്കും.

യുണിഫൈഡ് പേമെന്റ് ഇന്റർഫെയ്‌സിന്റെ (യുപിഐ) ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് വന്നിരിക്കുന്നത്. ‘നിങ്ങളെ കബളിപ്പിച്ച് ഒടിപി തട്ടിയെടുക്കാൻ തട്ടിപ്പുകാർ കോൾ മെർജിങ് വിദ്യ ഉപയോഗിക്കുന്നു. അതിൽ വീണുപോവരുത് ! ജാഗ്രത പാലിച്ച് പണം സംരക്ഷിക്കുക.’ എന്നാണ് യുപിഐ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

ഒരു സുഹൃത്തിൽ നിന്നാണ് നിങ്ങളുടെ നമ്പർ ലഭിച്ചതെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു അപരിചിതന്റെ കോൾ വരും. ആ സുഹൃത്ത് മറ്റൊരു നമ്പറിൽ നിന്ന് വിളിക്കുന്നുണ്ടെന്നും കോൾ മെർജ് ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്യും. എന്നാൽ ഉപഭോക്താവിന്റെ ബാങ്കിൽ നിന്നുള്ള ഒടിപി ഫോൺ കോൾ ആയിരിക്കും അത്. കോൾ മെർജ് ചെയ്താൽ രണ്ടിലധികം പേർക്ക് ഒരേ സമയം സംസാരിക്കാനാവും. പറയുന്നത് പരസ്പരം കേൾക്കാം. അതായത് ബാങ്കിൽ നിന്നുള്ള ഫോൺ കോളിൽ പറയുന്ന ഒടിപി തട്ടിപ്പുകാരന് കേൾക്കാനാവും. ആ നിമിഷം തന്നെ ഒടിപി ഉപയോഗിച്ചുകൊണ്ട് തട്ടിപ്പുകാർ പണമിടപാട് നടത്തിയിട്ടുണ്ടാവും.

അപരിചിതമായ നമ്പറുകളുമായി കോൾ മെർജ് ചെയ്യരുത്. ആരെങ്കിലും കോൾ മെർജ് ചെയ്യാൻ ആവശ്യപ്പെട്ടാൽ സംശയിക്കുക. പ്രത്യേകിച്ചും അപരിചിതരായ ആളുകൾ വിളിച്ചാൽ. ആരാണ് വിളിക്കുന്നത് എന്ന് ഉറപ്പുവരുത്തുക-ആരെങ്കിലും നിങ്ങളുടെ ബാങ്കിൽ നിന്നാണെന്നും പരിചയമുള്ളവരാണെന്നും പറഞ്ഞ് ബന്ധപ്പെട്ടാലും അവരുടെ വിശ്വാസ്യത ഉറപ്പുവരുത്തണം. നിങ്ങൾ ഇടപാട് നടത്താതെ ഒടിപി ലഭിച്ചാൽ അത് റിപ്പോർട്ട് ചെയ്യുക. 1930 എന്ന നമ്പറിൽ ഇതിനായി ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *