Your Image Description Your Image Description

ഫോബ്സ് ഇന്ത്യ പുറത്തിറക്കിയ 30 വയസിന് താഴെയുള്ളവരുടെ പട്ടികയിൽ ഇടംപിടിച്ച് നടി അപർണ ബാലമുരളി. എൻ്റർടൈൻമെൻ്റ് വിഭാഗത്തിലെ വിജയികളിലൊരാളായാണ് അപർണ പട്ടികയിൽ ഇടം നേടിയത്. അപർണയെ കൂടാതെ കേരളത്തിൽ നിന്നുള്ള രണ്ടു സംരംഭകരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അഗ്രിടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപകനും എം.ഡിയുമായ ദേവന്‍ ചന്ദ്രശേഖരന്‍, ഇക്കോ ഫ്രണ്ട്‌ലി പാത്രങ്ങളുണ്ടാക്കുന്ന ക്വാഡ്രാറ്റ് എന്ന കമ്പനിയുടെ സി.ഇ.ഒ റിഷഭ് സൂരി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.

ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അപർണയെ ഫോബ്സ് ഇന്ത്യ പട്ടികയിൽ ഉൾപ്പെടുത്തിയത്. ധനുഷ് നായകനായ രായൻ, ആസിഫ് അലിക്കൊപ്പം അഭിനയിച്ച കിഷ്കിന്ധ കാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനം പരിഗണിച്ചാണ് ഫോബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ദേശീയ അവാർഡ് ജേതാവായ അപർണ 2015ൽ പുറത്തിറങ്ങിയ ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തിയത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ് നടിയുടെ കരിയറിൽ വഴിത്തിരിവായത്. കിഷ്‍കിന്ധ കാണ്ഡത്തിന് പിന്നാലെ അപർണ നായികയായെത്തിയ രുധിരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ് ഷെട്ടിയായിരുന്നു നായകൻ. പ്രവീൺ പ്രഭാറാമിന്റെ ഉലയാണ് നടിയുടെ അടുത്ത ചിത്രം.

നടൻ രോഹിത് സരഫ്, ഫാഷൻ ഡിസൈനർ നാൻസി ത്യാഗി, കലാകാരനും സംരംഭകനുമായ കരൺ കാഞ്ചൻ, ചെസ്സ് താരം ഡി ഗുകേഷ് എന്നിവരും അണ്ടർ 30 പട്ടികയിൽ ഇടംപിടിച്ചു. ഫോർബ്സ് ഇന്ത്യ പ്രതിവർഷം 30 വയസ്സിന് താഴെയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുകയും സംരംഭകർ, സ്വാധീനം ചെലുത്തുന്നവർ, ഡിസൈനർമാർ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകളെ അംഗീകരിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *