Your Image Description Your Image Description

സുനിത വില്യംസും ബുച്ച് വിൽമോറും നിരവധി മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ്. അടുത്തിടെ വിൽമോറിനൊപ്പം സുനിത വീണ്ടുമൊരു ഒരു ബഹിരാകാശ നടത്തം നടത്തി. സുനിതയുടെ ഒമ്പതാമത്തെ ബഹിരാകാശ നടത്തമായിരുന്നു ഇത്. നടത്തത്തിനിടെ സുനിത ഒരു സെൽഫി എടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴിതാ ലോകത്തെ അമ്പരപ്പിക്കുന്ന ആ സെൽഫി നാസ പുറത്തുവിട്ടിരിക്കുകയാണ്.

ഈ സെൽഫിയിൽ, ഒരു വശത്ത് പസഫിക് സമുദ്രവും മറുവശത്ത് ബഹിരാകാശ നിലയവും കാണാൻ സാധിക്കും. നാസ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ‘ദി അൾട്ടിമേറ്റ് സെൽഫി’ എന്നാണ് ഈ സെല്‍ഫിയെ നാസ വിളിച്ചത്. ജനുവരി 30 നാണ് സുനിത വില്യംസ് ഈ ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കുന്ന സമയത്ത് ബഹിരാകാശ നിലയം (ISS) പസഫിക് സമുദ്രത്തിന് 423 കിലോമീറ്റർ മുകളിലായിരുന്നു.

2025 ജനുവരി 30 ന് പസഫിക് സമുദ്രത്തിന് മുകളിൽ 263 മൈൽ (423 കിലോമീറ്റർ) ഉയരത്തിൽ ഐ‌എസ്‌എസ് പരിക്രമണം ചെയ്യുമ്പോഴാണ് ഈ സവിശേഷ ഫോട്ടോ ഷൂട്ട് നടന്നത് എന്ന് നാസ പറയുന്നു. ഈ സെൽഫിയിലെ ഹെൽമെറ്റിൽ സുനിത വില്യംസിന്‍റെ പ്രതിബിംബം കാണാം. പിന്നിൽ വിശാലമായ ഇരുട്ട് നിറഞ്ഞ സ്ഥലവും കാണാം. ബഹിരാകാശ നിലയത്തിന്‍റെ ഒരു ഭാഗവും കടും നീല പസഫിക് സമുദ്രവും ഈ സെൽഫിയിൽ ദൃശ്യമാണ്. ഭൂമിയുടെ ഒരു ഭാഗവും ഫ്രെയിമിൽ സൂക്ഷ്‍മമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

അതേസമയം, 5.5 മണിക്കൂർ നീണ്ടുനിന്ന ഒമ്പതാം ബഹിരാകാശ നടത്തത്തിനിടെ, സുനിത വില്യംസും സഹ ബഹിരാകാശയാത്രികൻ ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിന്‍റെ പുറംഭാഗത്ത് നിന്നും ചില ഉപകരണങ്ങൾ നീക്കം ചെയ്യുകയും ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്‍റെ വെന്‍റിനടുത്ത് നിന്ന് ചില ഉപരിതല സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തതായി നാസ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *