Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് മാസങ്ങളായി ചുട്ടുപൊള്ളുന്ന വെയിലാണ്. ഈ വെയിലില്‍ വെന്തുരുകുന്നത് മനുഷ്യർ മാത്രമല്ല ചുറ്റുമുള്ള ജീവജാലങ്ങൾ കൂടിയാണ്. ദാഹം ശമിപ്പിക്കാൻ വെള്ളത്തിനായി മൃഗങ്ങളും പക്ഷികളും പരക്കം പായുന്ന കാഴ്ചയും സാധാരണമായി മാറി കഴിഞ്ഞു. കൊടും ചൂടിൽ മനുഷ്യനെ മാത്രം പരിഗണിക്കാതെ വളര്‍ത്തുമൃഗങ്ങള്‍ക്കും തണലൊരുക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ നിർദേശം. തീ പോലെ പൊള്ളുന്ന അന്തരീക്ഷത്തിൽ ഒരു മരച്ചുവടെങ്കിലും കണ്ടാല്‍ തണല്‍ തേടുന്ന മനുഷ്യരാണ് ചുറ്റും. ഉരുകുന്ന ചൂടില്‍ ദാഹജലത്തിനായി ഓടുന്നവര്‍. ഇങ്ങനെ സ്വയം ആശ്വാസം കണ്ടെത്താന്‍ മനുഷ്യര്‍ക്കാകും. വളര്‍ത്തുമൃഗങ്ങളുടെ കാര്യം അങ്ങനെയല്ല. വെയിലൊന്ന് താഴുന്നത് കാത്ത് നിസഹായരായി നില്‍ക്കുന്ന കന്നുകാലികളെ പാടത്തും പറമ്പിലും കാണാം. ഈ ചൂട് അവര്‍ക്കും സഹിക്കാവുന്നതിലും അപ്പുറമാണ്.

ഇനി തണൽ കണ്ടാലോ, ഓടിയെത്താനാകാതെ കഴുത്തിലെ കുരുക്കിൽ ബന്ധിപ്പിച്ചിരിക്കുകയാണ് ഇവരെ. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ അറിഞ്ഞ് പെരുമാറേണ്ടത് നമ്മളാണെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡി ഷൈന്‍ കുമാര്‍ പറഞ്ഞു. പകല്‍ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയില്‍ കന്നുകാലികളെ തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടരുതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. താപനില കൂടുതലായതിനാല്‍ ആസ്ബറ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ടു മേഞ്ഞ സ്ഥലങ്ങളില്‍ കന്നുകാലികളെ കെട്ടരുത്. പരമാവധി മരത്തണലില്‍ നിര്‍ത്തണം. നിര്‍ജലീകരണം തടയാന്‍ തണുത്ത കുടിവെള്ളം ലഭ്യമാക്കണമന്നും നിര്‍ദ്ദേശമുണ്ട്. ഇടക്കിടയ്ക്ക് വെള്ളത്തിൽ കാലികളുടെ ശരീരം നനച്ചു കൊടുക്കുന്നതും ആശ്വാസം കണ്ടെത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *