Your Image Description Your Image Description

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടർന്ന് വിരാട് കോഹ്‌ലി വിട്ടു നിന്നപ്പോള്‍ പകരക്കാരനായി യശസ്വി ജയ്സ്വാള്‍ ടീമിലെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ കോഹ്‌ലിക്ക് പകരമാണ് താന്‍ അവസാന നിമിഷം ടീമിലെത്തിയതെന്ന് മത്സരശേഷം ശ്രേയസ് അയ്യര്‍ വെളിപ്പെടുത്തിയിരുന്നു. പ്ലേയിംഗ് ഇലവനില്‍ വിരാട് കോഹ്‌ലിക്ക് പകരം കളിക്കണമെന്ന് മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് തന്നോട് പറഞ്ഞതെന്ന് ശ്രേയസ് വെളിപ്പെടുത്തിയിരുന്നു.

വിരാട് കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യര്‍ കളിക്കാനിടയായത് ദൈവത്തിന്‍റെ ഇടപെടല്‍ മൂലമാണെന്നാണ് മുന്‍ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ് പറഞ്ഞിരിക്കുന്നത്. ശ്രേയസ് അയ്യരെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെടുത്തെങ്കിലും യശസ്വി ജയ്സ്വാളിലാണ് ടീം മാനേജ്മെന്‍റ് കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നത്. ഇടം കൈയനാണെന്നതും യശസ്വിക്ക് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ മികവ് തെളിയിച്ച താരമായിട്ടും ശ്രേയസിനെ കളിപ്പിക്കാന്‍ ടീം മാനേജ്മെന്‍റ് ആദ്യം തീരുമാനിച്ചിരുന്നില്ല എന്നാണ് വിവരം. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചതോടെയാണ് ശ്രേയസിനെ വീണ്ടും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കും ചാമ്പ്യൻസ് ട്രോഫിക്കുമുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്.

“ലോകകപ്പില്‍ തിളങ്ങിയ ശ്രേയസിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അങ്ങനെയല്ല സംഭവിച്ചത്. ശ്രേയസിന്റെ ചിന്തയില്‍ അവനാണ് ഏറ്റവും മികച്ചവന്‍. ഒരുപക്ഷെ ദൈവവും അങ്ങനെ കരുതി കാണും. ആരും വിചാരിക്കാതെ തന്നെ ശ്രേയസിന് അവസരമൊരുങ്ങി. ആരും കരുതാത്തപോലെ അവനത് ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ അവനെക്കുറിച്ച് ആരും സംസാരിക്കില്ലായിരുന്നു. ഇനി ഒഴിവാക്കാന്‍ പറ്റാത്ത തരത്തിലുള്ള ഇന്നിംഗ്സാണ് അവന്‍ കളിച്ചത്. കളിയെ ഏകപക്ഷീയമാക്കി കളഞ്ഞു അവന്‍റെ ഇന്നിംഗ്സ്. അവന്‍ നേടിയ 50 റണ്‍സ് കളിയുടെ ഗതി തന്നെ മാറ്റിക്കളഞ്ഞുവെന്നും” ഹര്‍ഭജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *