Your Image Description Your Image Description

മൈസൂരു: ഇൻഫോസിസിൻ്റെ മൈസൂരു കാമ്പസിൽ കൂട്ടപ്പിരിച്ചുവിടൽ. ഇക്കഴിഞ്ഞ ഒക്ടോബറിൽ ട്രെയിനിയായി എടുത്ത ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 700 പേരെയാണ് ട്രെയിനിയായി നിയമിച്ചത്. അതിൽ 400 പേരെയും പിരിച്ചുവിട്ടിരിക്കുകയാണെന്ന് മണി കൺ​ട്രോൾ ഡോട് കോം റിപ്പോർട്ട് ചെയ്തു.

അതേസമയം ജോലിക്ക് കയറി മൂന്നുമാസത്തിനകം ഇവരെ പ്രത്യേകം പരീക്ഷ എഴുതിച്ചുവെന്നും അതിൽ പാസാകാത്തവരെയാണ് പിരിച്ചുവിട്ടതെന്നുമാണ് ഇൻഫോസിസ് പറയുന്നത്. മൂന്നുതവണ അവസരം നൽകിയിട്ടും പാസാകാത്തവരെയാണ് പിരിച്ചുവിട്ടിരിക്കുന്നതെന്നും ഇൻഫോസിസ് അധികൃതർ വ്യക്തമാക്കി.

ഡിജിറ്റൽ സ്​പെഷ്യലിസ്റ്റ് എൻജിനീയേഴ്സ്, സിസ്റ്റം എൻജിനീയേഴ്സ് തസ്തികകളിലെ ട്രെയിനികളെയാണ് പിരിച്ചുവിട്ടത്. ബാച്ചുകളായി ജീവനക്കാരെ വിളിച്ച് ഇവരെ പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയായിരുന്നു. പരീക്ഷ പാസാകാത്തതിനാൽ പിരിച്ചുവിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. വളരെ ബുദ്ധിമുട്ടേറിയ ചോദ്യങ്ങളായിരുന്നു പരീക്ഷക്കുണ്ടായിരുന്നതെന്നും പിരിച്ചുവിടാനായി നടത്തിയ പരീക്ഷയാണിതെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ ഐ.ടി ജീവനക്കാരുടെ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *