Your Image Description Your Image Description

വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തില്‍ 9235.5 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീക്കിയതായി ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. കാമ്പയിനിന്റെ രണ്ടാം ഘട്ടമെന്ന നിലക്ക് വെള്ളിയാഴ്ച്ച ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് രാവിലെ 7 മണി മുതല്‍ ഓരേസമയം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്.

‘പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്’ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാട്ടുശ്ശേരി ഫെറിയില്‍ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണൻ നിർവഹിച്ചു.
ജലാശയങ്ങളെ മലിനമാക്കുന്ന പ്രവർത്തികൾക്കെതിരെ നിലകൊള്ളേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാലിന്യ കുമ്പാരമായതോടെ നമ്മുടെ നാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ഹൗസ് ബോട്ടുകളിൽ നിന്ന് പുഴയിലേക്ക് മാലിന്യം തള്ളുന്ന പ്രവണത തടയാൻ കർശന നടപടികൾ സ്വീകരിക്കണം. കായൽ സംരക്ഷിക്കാതെ മാലിന്യം തള്ളുന്ന പ്രവണത ഇനിയും തുടർന്നാൽ കിഴക്കിന്റെ വെനീസ് എന്ന ആലപ്പുഴയുടെ വിശേഷണം ഉടൻ നഷ്ടമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കായൽ ശുചീകരണത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് തുഴ കൈമാറി ജില്ലാ കളക്ടർ അലക്സ് വർഗീസ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. ജലാശയങ്ങൾ മാലിന്യം തള്ളാനുള്ള കേന്ദ്രങ്ങളാണെന്ന മനോഭാവം മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പഠനങ്ങളനുസരിച്ച് നിരന്തരമായ മാലിന്യ നിക്ഷേപങ്ങൾമൂലം കായലിന്റെ മൂന്നിൽ രണ്ട് ഭാഗവും നികന്നുവരുന്നു. ഇതുമൂലം വെള്ളപ്പൊക്ക ഭീഷണിയുമുണ്ട്. ഒരു മാസം ഒരു ലക്ഷത്തിൽപ്പരം പ്ലാസ്റ്റിക് കുപ്പികളാണ് നമ്മുടെ ജലാശയങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നത്. ജനകീയ ശുചീകരണത്തിന്റെ ഭാഗമായി സംഭരിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ തരംതിരിച്ച് പ്രദർശിപ്പിച്ച് ബോധവൽക്കരണ പരിപാടികൂടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി ഒ ജോർജ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അനിത സോമൻ, ശൈലജ ഉദയപ്പൻ, കെ ജി സരുൺ, ബ്ലോക്ക് പഞ്ചായത്തംഗം എ യു അനീഷ്, അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ജി പത്മകുമാർ, പഞ്ചായത്ത് സെക്രട്ടറി ആർ സുനിൽ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ശുചീകരണം നടക്കുന്ന കായൽ കരയിലേക്ക് കായൽ സംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി റാലിയും സംഘടിപ്പിച്ചു. ശേഷം സ്ത്രീകളുൾപ്പെടെയുള്ള മല്‍സ്യത്തൊഴിലാളികള്‍ കുത്തിയതോട് കിഴക്ക് ഭാഗം മുതല്‍ തുറവൂർ മൂലയിൽ പുരയിടം തെക്കുവശം വരെ വള്ളങ്ങളിലും മറ്റുള്ള സന്നദ്ധപ്രവര്‍ത്തകര്‍ കരയിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ന്ന് ശേഖരിച്ച മാലിന്യങ്ങൾ താൽക്കാലികമായി മിനി എം.സി.എഫിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
സന്നദ്ധപ്രവര്‍ത്തകര്‍, മല്‍സ്യത്തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന, കുടംബശ്രീ അംഗങ്ങള്‍, മറ്റുള്ളവര്‍ എന്നിവര്‍ പങ്കാളികളായി 12 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ശുചീകരണത്തില്‍ കായലില്‍ നിന്ന് മാലിന്യം നീക്കാനായി 314 വള്ളങ്ങള്‍ ഉപയോഗിച്ചു.

ശുചീകരണത്തിന്റെ ഭാഗമായവർക്ക് പ്രതിരോധ ഗുളികകൾ, കുടിവെള്ളം, പ്രാതല്‍, മെഡിക്കൽ സംവിധാനങ്ങൾ, തുടങ്ങിയവ ശുചീകരണ കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു.
പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ എഴുപുന്ന, കോടംതുരുത്ത്, പട്ടണക്കാട്, തുറവൂര്‍, പുളിങ്കുന്ന്, നീലംപേരൂര്‍, ചമ്പക്കുളം, വെളിയനാട്, രാമങ്കരി, തകഴി, അരൂക്കുറ്റി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് മെഗാ ശുചീകരണം നടന്നത്. ബാക്കി ഗ്രാമപഞ്ചായത്തുകളില്‍ വരും ദിവസങ്ങളില്‍ ശുചീകരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ‘പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്’ മെഗാ ക്യാമ്പയിന്‍ നടന്നുവരുകയാണ്. ഒന്നാം ഘട്ടത്തില്‍ ആലപ്പുഴ, ചേര്‍ത്തല നഗരസഭകളിലും അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, കൈനകരി ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കായല്‍ ഭാഗങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുന്നതിനുളള ശുചീകരണയജ്ഞം സംഘടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 12 ടണ്‍ പ്ലാസ്റ്റിക് മാലിന്യം നീക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *