ചാമ്പ്യൻസ് ട്രോഫിയിലെ ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അനാവരണം ചെയ്തത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ ജേഴ്സി തന്നെയായിരിക്കും ധരിക്കുക. പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്സിയില്‍ പുതുതായി ഇരുതോളുകളിലും ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന ത്രിവര്‍ണ വരകള്‍ അടങ്ങുന്നതാണ് സ്പോൺസര്‍മാരായ അഡിഡാസ് പുറത്തിറക്കിയ പുതിയ ജേഴ്സി.
അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ വനിതാ ടീം ഇതേ ജേഴ്സി ധരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 29ന് മുന്‍ ബിസിസിഐ സെക്രട്ടറിയും ഇപ്പോഴത്തെ ഐസിസി ചെയര്‍മാനുമായ ജയ് ഷാ ആണ് പുതിയ ജേഴ്സി അനാവരണം ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യൻ ടീം പഴയ ജേഴ്സി ധരിച്ചായിരുന്നു കളിക്കാനിറങ്ങിയത്.
അതേസമയം വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍ തുടങ്ങിയവരെല്ലാം പുതിയ ജേഴ്സി ധരിച്ചുകൊണ്ടുള്ള ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പങ്കെടുക്കാനായില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്.