Your Image Description Your Image Description

മസ്കറ്റ്: ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് സ്വദേശി പൗരന് ദാരുണാന്ത്യം. വടക്കൻ ബാത്തിന ​ഗവർണറേറ്റിലെ ലിവ വിലായത്തിൽ മത്സരം നടക്കുന്നതിനിടെ കാണികളിൽ ഒരാളായ യുവാവിനാണ് കാളയുടെ കുത്തേറ്റത്. നിരവധി കാണികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. കാളപ്പോര് കാണാനായി നൂറു കണക്കിന് ആളുകൾ എത്തിയിരുന്നു.

ഒമാനിൽ നടക്കുന്ന കാളപ്പോരിൽ രണ്ട് കാളകളാണ് പരസ്പരം കൊമ്പ് കോർക്കുന്നത്. ഇത് മിക്കപ്പോഴും രക്തച്ചൊരിച്ചിലിലാണ് അവസാനിക്കുന്നത്. പണത്തിന് പകരം കാളകളെ തന്നെയാണ് കാളപ്പോരിന്റെ സമ്മാനമായി നൽകുന്നത്. ഇന്ത്യ, പോർച്ചു​ഗൽ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത കാളകളെയാണ് സാധാരണയായി കാളപ്പോരിന് ഉപയോ​ഗിക്കുന്നത്. ഇതിന് നിറത്തിലും വലിപ്പത്തിലും മറ്റ് കാളകളേക്കാൾ വളരെയധികം വ്യത്യാസമുണ്ടായിരിക്കും. പോരിന് ഇറക്കുന്ന ചില കാളകളുടെ ഭാരം ഒരു ‍ടണ്ണിലധികം ആയിരിക്കും.

നിലവിൽ കാളപ്പോര് പോലുള്ള വിനോദ പരിപാടികൾക്ക് മ‍ൃ​ഗങ്ങളെ ഉപയോ​ഗിക്കുന്നതിൽ രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണ പ്രകാരം, മൃ​ഗങ്ങളെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് വിധേയമാക്കുകയോ ഗുസ്തി വേദികൾ, സർക്കസുകൾ തുടങ്ങിയ വിനോദ പരിപാടികളിൽ പ്രകടനം നടത്താൻ നിർബന്ധിക്കുകയോ ചെയുന്നത് കുറ്റകരമായ പ്രവർത്തിയാണ്. ഇത്തരം നിയമലംഘകർക്ക് ഒരു മാസം വരെ തടവും 500 റിയാൽ വരെ പിഴയും ലഭിക്കുന്നതാണ്.

പതിറ്റാണ്ടുകളായി ഒമാനിലെ ​ഗ്രാമങ്ങളിൽ കാളപ്പോര് നടന്നുവരുന്നുണ്ട്. ഇന്നും ബർഖ, ഖബൂറ, സഹം, സോഹാർ, ലിവ വിലായത്തുകളിൽ കാളപ്പോര് നടക്കുന്നുണ്ട്. യുവാവിന് നേരെ കാള കുത്താൻ അടുക്കുന്നതടക്കമുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാളപ്പോരുമായി ബന്ധപ്പെട്ട മരണങ്ങൾ ഒമാനിൽ വളരെ അപൂർവ്വമാണ്. കഴിഞ്ഞ 30 വർഷത്തിനിടെ വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *