Your Image Description Your Image Description

ഒരു ഇന്ത്യൻ കലാകാരന്റെ ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന തുക. പ്രമുഖ ഇന്ത്യൻ ചിത്രകാരൻ തെയ്‌ബ്‌ മേത്തയുടെ പ്രശസ്തമായ ചിത്രം ലേലത്തിൽ വിറ്റുപോയത് 61.80 കോടി രൂപയ്ക്ക്. മുംബൈയിൽ നടന്ന സാഫ്രോണാർട്ട്സി​ന്റെ 25-ാം വാർഷിക ലേലത്തിലാണ് ചിത്രം വിറ്റുപോയത്. തെയ്ബി​ന്റെ ‘ട്രസ്ഡ് ബുൾ’ (Trussed Bull) എന്ന ചിത്രമാണ് ബുധനാഴ്ച ലേലത്തിൽ വിറ്റത്.

ഇതുവരെ മേത്തയുടെ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന മൂല്ല്യത്തിന് വിറ്റുപോയിരിക്കുന്നത് ഈ ചിത്രമാണ്. അതുപോലെ ലോകമെമ്പാടും ഇതുവരെയുണ്ടായ ലേലത്തിൽ ഒരു ഇന്ത്യൻ കലാകാരന്റെ ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന മൂല്യവുമാണീ തുക. 2023 -ൽ ഇതേ വിലയ്ക്ക് അമൃത ഷേർ-ഗില്ലിന്റെ ‘ദി സ്റ്റോറി ടെല്ലർ’ എന്ന ചിത്രവും വിറ്റുപോയിരുന്നു.

1956 -ലാണ് മേത്ത ‘ട്രസ്ഡ് ബുൾ’ ചെയ്യുന്നത്. ലേലത്തിൽ അഞ്ച് മുതൽ ഏഴ് വരെ ലക്ഷം രൂപയാണ് ഈ പെയിന്റിം​ഗിന് കിട്ടുക എന്നാണ് കരുതിയിരുന്നത് എന്നാണ് ലേലശാല ഒരു പ്രസ്താവനയിൽ പറഞ്ഞത്. എന്നാൽ, അതിനെയെല്ലാം കടത്തിക്കൊണ്ടാണ് കോടികൾ ചിത്രത്തിന് കിട്ടിയിരിക്കുന്നത്. മേത്തയുടെ പേര് നൽകിയിട്ടില്ലാത്ത മറ്റൊരു ചിത്രം ഒമ്പത് കോടിക്കും വിറ്റുപോയി.

2008 ജൂണിൽ ക്രിസ്റ്റീസ് ചിത്രപ്രദർശന ലേലത്തിൽ മേത്തയുടെ ഒരു പെയിന്റിം​ഗ് 20 ലക്ഷം ഡോളറിന് വിറ്റുപോയിരുന്നു. ഗുജറാത്തിലെ കപദ്വഞ്ജിലാണ് തെയ്‌ബ്‌ മേത്ത ജനിച്ചത്. ഒരു സിനിമാ ലബോറട്ടറിയിൽ ഫിലിം എഡിറ്ററായിട്ടായിരുന്നു ആദ്യം പ്രവർത്തിച്ചത്. എന്നാൽ, ചിത്രകലയോട് ഇഷ്ടമുണ്ടായിരുന്നതിനെ തുടർന്ന് 1952 -ൽ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്ടിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടി. ‘സെലിബ്രേഷൻ’, ‘കാളി’ തുടങ്ങി അനേകം പ്രശസ്തമായ ചിത്രങ്ങൾ‌ അദ്ദേഹത്തിന്റേതായി ഉണ്ട്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. സാഫ്രോണാർട്ട്സ് 25-ാം വാർഷിക ലേലത്തിൽ മൊത്തം 217.81 കോടിയുടെ ലേലം നടന്നു എന്നാണ് ലേലശാല തന്നെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *