Your Image Description Your Image Description

ബെംഗളൂരു: നഴ്‌സിങ് വിദ്യാര്‍ത്ഥി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മരണത്തില്‍ ആരോപണ വിധേയരായ പ്രിന്‍സിപ്പാള്‍ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസര്‍ സുജിത എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി സ്വകാര്യ സര്‍വകലാശാലയായ ദയാനന്ദ് സാഗര്‍ യൂണിവേഴ്സിറ്റി അറിയിച്ചു. സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചുവെന്നും സര്‍വകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്‌സിങ് കോളേജിലെ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്നു അനാമിക.

അനാമികയുടെ ആത്മഹത്യയില്‍ നഴ്‌സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്നും പ്രിന്‍സിപ്പല്‍ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോര്‍ഡിനേറ്റര്‍ സുജിത എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമാണ് ബന്ധു അഭിനന്ദ് ഉന്നയിച്ചത്. അനാമികയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് കവാടത്തില്‍ സഹപാഠികള്‍ സമരത്തിലാണ്. അനാമിക കോളേജില്‍ ജോയിന്‍ ചെയ്തിട്ട് നാല് മാസമേ ആയുള്ളൂ. കോളേജില്‍ മൊബൈലടക്കം കയ്യില്‍ കൊണ്ട് നടക്കുന്നതിനും വസ്ത്രധാരണത്തിനും വിചിത്ര നിയന്ത്രണങ്ങളാണ്. പകല്‍ മുഴുവന്‍ ഫോണ്‍ കോളേജ് റിസപ്ഷനില്‍ വാങ്ങി വയ്ക്കും. ഇന്റേണല്‍ പരീക്ഷകളിലൊന്നിനിടെ കയ്യില്‍ മൊബൈല്‍ കണ്ടെന്നും അത് കോപ്പിയടിക്കാന്‍ കൊണ്ട് വന്നതാണെന്നും പറഞ്ഞ് അനാമികയോട് കോളേജില്‍ വരേണ്ടെന്ന് പറഞ്ഞെന്നാണ് സഹപാഠികള്‍ പറയുന്നത്.

അനാമിക താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്നാണ് സഹപാഠികള്‍ മുറി തള്ളിത്തുറന്ന് അകത്ത് കയറിയത്. കുടുംബാംഗങ്ങള്‍ക്കായി എഴുതിയതും മാനേജ്‌മെന്റിനെതിരെ പരാമര്‍ശങ്ങളുള്ളതുമായ രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ അനാമികയുടെ മുറിയിലുണ്ടായിരുന്നെന്നാണ് കുട്ടികള്‍ പറയുന്നത്. മാനേജ്‌മെന്റിനെതിരായ ആത്മഹത്യാക്കുറിപ്പ് പൊലീസിനൊപ്പം ചേര്‍ന്ന് ഒളിപ്പിച്ചെന്നും കുട്ടികള്‍ ആരോപിക്കുന്നു. കോളേജ് അധികൃതര്‍ ഒരു തരത്തിലും അച്ഛനമ്മമാരോട് പോലും ഇതില്‍ മറുപടി നല്‍കുന്നില്ലെന്ന് കുടുംബാംഗമായ അഭിനന്ദ് പറയുന്നു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഹാരോഹള്ളി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *