Your Image Description Your Image Description

ബെംഗളൂരു: ഇവിടെ പെൺകുട്ടികൾക്ക് ശുചിമുറിയിൽ പോകാൻ ഭയമാണ്. എപ്പോഴും തുറന്നു കിടക്കുന്ന ശൗചാലയങ്ങളും കുളിമുറിയുമാണ് ഇവിടെ ഉള്ളത്. കർണാടകയിലെ കൊപ്പൽ ജില്ലയിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾക്കാണ് ഈ ദുരിത ജീവിതം. ലേഡീസ് ഹോസ്റ്റലിലെ ശൗചാലയങ്ങൾക്കും കുളിമുറികൾക്കും വാതിലുകളില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലേഡീസ് ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപികയെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്.

കൊപ്പൽ താലൂക്കിലെ ബേട്ടഗെരിയിലുള്ള കസ്തൂർഭ ഗാന്ധി ബാലിക വിദ്യാലയത്തിനെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ഹോസ്റ്റലിൽ തങ്ങൾക്ക് മതിയായ സുരക്ഷിതത്വമോ വൃത്തിയുള്ള ചുറ്റുപാടോ ശുചിമുറികൾക്ക് വാതിലുകളോ പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥിനികൾ രംഗത്തെത്തിയിരുന്നു. പരാതികൾക്ക് പിന്നാലെ ജനുവരി 16ന് സമഗ്ര ശിക്ഷണ വകുപ്പ് അസിസ്റ്റന്റ് കോർഡിനേറ്റർ എച്ച്. അഞ്ജിനപ്പ കസ്തൂർഭ ഗാന്ധി ബാലിക വിദ്യാലത്തിൽ പരിശോധന നടത്തിയിരുന്നു. പെൺകുട്ടികളുടെ പരാതി സത്യമാണെന്ന് പരിശോധനയിൽ വ്യക്തമായി.

പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം മലിനമാണെന്നും കൊതുകിനെ പ്രതിരോധിക്കാനാവശ്യമായ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർ സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ജനുവരി 20ന് പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ (ഡിഡിപിഐ) ശ്രിഷാലി ബിരദർ സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. കേന്ദ്ര സർക്കാർ സ്ഥാപിച്ചതും സർക്കാർ ഗ്രാൻഡിൽ പ്രവർത്തിക്കുന്നതുമായ ബാലിക വിദ്യാലത്തിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളിലായി ആകെ 120 പെൺകുട്ടികളാണ് പഠിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *