Your Image Description Your Image Description

ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ വിവാഹ ഡോക്യൂമെന്ററി കേസിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ധനുഷ് നയൻതാരക്കെതിരെ നൽകിയ പകർപ്പവകാശ കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യയാണ് കോടതിയിൽ തടസ്സഹർജി നൽകിയത്. എന്നാൽ ഈ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ധനുഷ് നൽകിയ ഹർജിയിൽ ഫെബ്രുവരി അഞ്ചിനാണ് ഹൈക്കോടതി വാദം കേൾക്കുന്നത്.

ധനുഷ് നിർമിച്ച നാനം റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്നേഷ് ശിവന്‍, വിഘ്‌നേഷിന്റെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യന്‍ ഘടകമായ ലോസ് ഗറ്റോസ് എന്നിവര്‍ക്കെതിരേ ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ ഓഫീസ് മുംബൈയിലായതിനാല്‍, ഹര്‍ജി മദ്രാസ് ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ധനുഷ് നല്‍കിയിരുന്നു. ഇതും കോടതി അനുവദിച്ചു. എന്നാൽ ഇവരണ്ടും തള്ളണമെന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ ആവശ്യം.

നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള കേസ് തള്ളണമെന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ ആവശ്യം. 2020-ല്‍ തന്നെ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കപ്പെട്ടിരുന്നുവെന്ന് നെറ്റ്ഫ്ളിക്സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പാര്‍ഥസാരഥി ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ നിയമനടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഡോക്യുമെന്ററി പുറത്തിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് പരാതിക്കാരന്‍ ഹര്‍ജിയുമായെത്തിയതെന്നും അദ്ദേഹം വാദിച്ചു.

എന്നാൽ, ചിത്രത്തിന്റെ സെറ്റില്‍ എല്ലാ കഥാപാത്രങ്ങളുടേയും അവര്‍ ധരിച്ച വസ്ത്രങ്ങളുടേയുംവരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നായിരുന്നു ധനുഷിന്റെ നിര്‍മാണ കമ്പനിയുടെ വാദം. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. കേസ് കോടതി മുൻപും പരിഗണിച്ചെങ്കിലും വിധി പറയാൻ മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *