Your Image Description Your Image Description

ബെംഗളുരു: വിവാഹാലോചനയ്ക്കായി വധുവിന്റെ വീട്ടിലേക്ക് പോയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ബെംഗളൂരുവിൽ വധുവിനെ അന്വേഷിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജൻ്റിനെ സ്ത്രീകളും വ്യാജ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയിൽ ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം യുവാവിനെ ബ്ലാക്‌മെയ്ൽ ചെയ്ത സംഘം തട്ടിയെടുത്തത് 50000 രൂപയാണ്. പിന്നീട് സംഘത്തിന്റെ പിടിയിൽ നിന്ന് മോചിതനായ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബെംഗളൂരു മതികേരെ സ്വദേശിയായ റിയ‌ൽ എസ്റ്റേറ്റ് ഏജന്റ് കുറച്ച് നാളായി തനിക്ക് വേണ്ടി വിവാഹാലോചനകൾ തേടുന്നുണ്ടായിരുന്നു. ഇതിനിടെ പരിചയമുള്ള ഒരു സ്ത്രീയെ കണ്ടപ്പോൾ തനിക്ക് ചേരുന്ന വിവാഹാലോചനകൾ വല്ലതും ഉണ്ടെങ്കിൽ അറിയിക്കണമെന്ന് പറ‌ഞ്ഞിരുന്നു. ഈ സ്ത്രീയാണ് താൻ ഒരു പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് യുവാവിനോട് ഹെബ്ബാളിലെത്താൻ നിർദേശിച്ചത്. ഒരു ബന്ധു അവിടെയെത്തി യുവാവിനെ പെൺകുട്ടിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമെന്ന് അറിയിച്ചു.

പറഞ്ഞത് പോലെ യുവാവ് ഹെബ്ബാളിലെത്തി. അവിടെ നിന്ന് ഗുഡ്ഡഡഹള്ളിയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. രണ്ട് സ്ത്രീകളാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഇവർ ആദ്യം യുവാവിനെക്കുറിച്ചും കുടുംബത്തിലെ മറ്റ് വിവരങ്ങളുമെല്ലാം അന്വേഷിച്ചു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകളിലൊരാളായ വിജയ, കുറച്ച് കഴിഞ്ഞപ്പോൾ 1200 രൂപ കടം ചോദിച്ചു. ഒരു അത്യാവശ്യത്തിനാണെന്നും ഉടനെ തിരിച്ചു തരാമെന്നും പറ‌ഞ്ഞാണ് ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്ത് വാങ്ങിയത്.

പുറത്തേക്ക് പോയ വിജയ അൽപ സമയം കഴിഞ്ഞ് തിരിച്ചെത്തി, വാതിൽ അടച്ചു. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഇവിടേക്ക് ഇരച്ചുകയറി. തങ്ങൾ പൊലീസുകാരാണെന്ന് സാധാരണ വേഷം ധരിച്ച രണ്ട് പുരുഷന്മാരും പരിചയപ്പെടുത്തി. യുവാവ് ഇവിടെ പെൺവാണിഭം നടത്തുകയാണെന്ന് ആരോപിച്ച് അടിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇവർ രണ്ട് ലക്ഷം രൂപ നൽകിയാൽ വിടാമെന്ന് വാഗ്ദാനവും നൽകി.

ആകെയുണ്ടായിരുന്ന 50,000 രൂപ ട്രാൻസ്ഫർ ചെയ്തു കൊടുത്തതിന് ശേഷമാണ് സംഘം യുവാവിനെ വിട്ടയച്ചത്. കൂടാതെ ആരോടെങ്കിലും ഈ കാര്യങ്ങളൊക്കെ പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് യുവാവ് പൊലീസ് സ്റ്റേഷിനെത്തി പരാതി നൽകിയത്. പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ തന്നെ, എല്ലാവരും തട്ടിപ്പുകാരാണെന്നും പൊലീസുകാരാണെന്നത് വെറുതെ പറഞ്ഞതാണെന്നും കണ്ടെത്താൻ കഴിഞ്ഞു. സംഭവത്തിൽ യുവാവിന്റെ മൊഴി വിശദമായി പരിശോധിക്കുകയാണ്. അതിന് ശേഷം തട്ടിപ്പ് സംഘത്തെ കണ്ടെത്തുമെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *