Your Image Description Your Image Description

നല്ലൊരു പ്ലാൻ വരപ്പിക്കാതെ വീട് പണി തുടങ്ങി പണി കിട്ടിയ ഒത്തിരി പേർ നമ്മുടെ നാട്ടിലുണ്ട്. വിദഗ്ധനായ ഒരാളെ കൊണ്ട് പ്ലാൻ വരപ്പിക്കുന്ന പൈസ ലാഭിക്കാൻ നോക്കിയിട്ട് ഒടുവിൽ അതിലും വലിയ ചെലവിലേക്ക് കാര്യങ്ങൾ എത്തുന്ന അവസ്ഥ ഇന്ന് സ്ഥിരം സംഭവങ്ങളാണ്. ലക്ഷങ്ങൾ മുടക്കി വീട് പണിയാൻ തുനിഞ്ഞിറങ്ങുന്നവർ പ്ലാൻ വരയ്ക്കാൻ മുടക്കേണ്ടി വരുന്ന പണം ലാഭിക്കാൻ നോക്കുന്നതിനെ മണ്ടത്തരം എന്ന് മാത്രമേ പറയാൻ സാധിക്കുകയുള്ളൂ. ശരിക്കും പറഞ്ഞാൽ വീടിനെ കുറിച്ചുള്ള നമ്മളുടെ സ്വപ്നങ്ങളുടെ നേർ ചിത്രമാണ് ഓരോ പ്ലാനും. അതുകൊണ്ടുതന്നെ ഒരു വീട് നിർമിക്കാൻ ആലോചിക്കുമ്പോൾ തന്നെ ആദ്യം ചെയ്യേണ്ടത് കൃത്യമായ ബഡ്ജറ്റ് തയ്യാറാക്കി കുടുംബാംഗങ്ങളുമായി ആലോചിച്ച് വീടിന് എന്തൊക്കെ വേണം എങ്ങനെ ആകണം എന്നുള്ള ഏകദേശ ധാരണ ഉണ്ടാക്കുക എന്നതാണ്. ശേഷം എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ഡിസൈനറെയോ എൻജിനീയറെയോ ആർക്കിടെക്ചറെയോ സമീപിച്ച് നമ്മുടെ മനസ്സിലുള്ള വീടിനെ കുറിച്ചുള്ള സങ്കൽപ്പങ്ങളെല്ലാം അവരുമായി പങ്കുവെച്ചതിനുശേഷം നമ്മുടെ ബജറ്റിനകത്ത് നിൽക്കുന്ന പ്ലാൻ തയ്യാറാക്കുവാനും അതിന്റെ 2ഡി 3ഡി വേർഷനുകൾ നൽകുവാനും ആവശ്യപ്പെടാം.

എന്നാൽ വീടുപണി ഒരു തലവേദനയും കൂടാതെ പൂർത്തിയാക്കുവാൻ ഈ പ്ലാൻ മാത്രം പോരാ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പ്ലോട്ട് സ്കെച്ച് മുതൽ ഫർണിച്ചർ അറേഞ്ച് മെന്റ് എങ്ങനെയെന്ന് വരെയുള്ള പ്ലാനുകൾ നമ്മുടെ കയ്യിൽ ഉണ്ടാകണം. ഇത്തരത്തിൽ എത്രതരം പ്ലാനുകളാണ് വീട് നിർമ്മാണത്തിനായി തയ്യാറാക്കേണ്ടതെന്നും അവയുടെ ഉപയോഗം എന്തൊക്കെയാണെന്നും ഇനി നോക്കാം.

വീടിന് വേണം പലതരം പ്ലാനുകൾ

പ്ലോട്ട് സ്കെച്ച്

വീട് പണിയാൻ ഉദ്ദേശിക്കുന്നവർ പ്രത്യേകിച്ച് ഏരിയ കുറവുള്ള സ്ഥലത്ത് വീട് പണിയുന്നവർ വീടിന്റെ പ്ലാൻ മാത്രം വരച്ച് പണി തുടങ്ങാതെ പ്ലോട്ട് സ്കെച്ച് വരപ്പിച്ചതിനുശേഷം ഈ പ്ലോട്ടിൽ നമ്മളുടെ കെട്ടിടം എത്രത്തോളം കവർ ആയി വരുന്നുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കണം. ഇങ്ങനെ ചെയ്യുന്നത് വഴി ഗാർഡൻ, കാർ പാർക്കിങ് തുടങ്ങിയവയ്ക്ക് ആവശ്യമായ സ്ഥലം ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പാക്കാനാകും. മാത്രവുമല്ല കെട്ടിട നിർമ്മാണ ചട്ട പ്രകാരം പാലിക്കേണ്ട എല്ലാവിധ അകലങ്ങളും നമ്മുടെ പ്ലാനുമായി ചേർന്നു പോകുന്നുണ്ടോ എന്നും മനസ്സിലാക്കുവാൻ സാധിക്കും.

ഫൌണ്ടേഷൻ ലേഔട്ട്‌

ഫൗണ്ടേഷന്റെ വിശദാംശങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നൊരു പ്ലാൻ ആണിത്. ഫൗണ്ടേഷന്റെ ഓരോ ഭാഗത്തും വരുന്ന തിക്ക്നെസ് വിഡ്ത്ത് തുടങ്ങിയ അളവുകളും സ്പാനുകൾ ആവശ്യമായി വരുന്നുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങളും എല്ലാം ഈ പ്ലാനിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇത് നമ്മുടെ ഫൗണ്ടേഷൻ നിർമ്മാണം കൂടുതൽ ഈടുറ്റതാക്കാൻ സഹായിക്കും.

2ഡി 3ഡി പ്ലാനുകൾ

നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞാൽ വീട് എങ്ങനെയിരിക്കും എന്നുള്ളതിന്റെ ഏകദേശ രൂപം നൽകുന്നതാണ് ഈ പ്ലാനുകൾ. ഇതോടൊപ്പം വീടിനകത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ സെക്ഷൻ പ്ലാനും കൂടി തയ്യാറാക്കണം സ്റ്റെയർ വിൻഡോ തുടങ്ങിയവയുടെ കൃത്യമായി അളവുകൾ എവിടെയൊക്കെ ഓപ്പണിങ്ങുകൾ വേണം തുടങ്ങിയ കാര്യങ്ങൾ ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും.

ഫർണിച്ചർ ലേഔട്ട്‌

നമ്മുടെ വീടിന്റെ ഇന്റീരിയർ സങ്കല്പത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ള ഓരോരുത്തരും പ്രധാനമായും വരപ്പിച്ചിരിക്കേണ്ട ഒരു പ്ലാൻ ആണിത്. വീടിന്റെ അകത്ത് വരുന്ന ഫർണിച്ചറുകളുടെ കൃത്യമായ അളവും സ്ഥാനവും ഈ പ്ലാനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതു നോക്കിയാൽ ഓരോ മുറിയും എങ്ങനെ ചിട്ടപ്പെടുത്തിയാൽ കൂടുതൽ വിശാലവും സുന്ദരവുമാകും എന്നുള്ള ധാരണ വീട്ടുകാർക്ക് ലഭിക്കും. മാത്രവുമല്ല ഫർണിച്ചറുകൾക്ക് വേണ്ട വലിപ്പവും ജനലുകളുടെ കൃത്യമായി സ്ഥാന നിർണയത്തിനുമെല്ലാം ഇ പ്ലാൻ ഏറെ സഹായകമാകും. അല്ലാത്തപക്ഷം മുറികളിൽ ജനലുകൾ കൊടുക്കുന്ന സ്ഥാനത്തിനരികിലായി ഫർണിച്ചറുകൾ വന്നാൽ ഇത് തുറക്കാനും അടയ്ക്കാനും ബുദ്ധിമുട്ട് നേരിടുന്നത് ഉൾപ്പെടെ നിരവധി അഭംഗികൾ വന്നുപ്പെടാം.

ഇലക്ട്രിക്കൽ പ്ലംബിങ് ലേ ഔട്ട്

ഈ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം വീട് നിർമ്മാണം പൂർത്തിയാക്കി വർഷങ്ങൾക്കു ശേഷം ഉണ്ടാകുന്ന അറ്റകുറ്റപ്പണികൾക്ക് വരുന്നവർക്ക് ഓരോ പോയിന്റും കൃത്യമായി മനസ്സിലാക്കി പണികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായകമാകും എന്നത് തന്നെയാണ്. ഇതിനുപുറമേ വീട് നിർമ്മിക്കുമ്പോൾ ഓരോ സ്ഥലത്തും വേണ്ടിവരുന്ന പ്ലഗ് പോയിന്റുകൾ കൃത്യമായി ആസൂത്രണം ചെയ്തു സ്ഥാപിക്കുന്നതിനും ഈ പ്ലാൻ സഹായകമാകും.

ഫ്ളോറിങ് ലേ ഔട്ട്‌

പ്ലാൻ വരപ്പിക്കുമ്പോൾ പലരും മൈൻഡ് ചെയ്യാത്ത ഒരു ഭാഗമാണിത്. എന്നാൽ ഫ്ലോറിങ് ലേ ഔട്ട് ചെയ്യുന്നത് വഴി ഫ്ളോറിങ് മെറ്റീരിയൽസുകളുടെ അനാവശ്യമായ പാഴാക്കിക്കളയിൽ ഒരു പരിധി വരെ തടയാൻ സാധിക്കും. മാത്രവുമല്ല ഫ്ലോറിങ് മെറ്റീരിയൽസ് വാങ്ങിക്കുവാൻ പോകുമ്പോൾ സ്ക്വയർ ഫീറ്റ് കണക്ക് പറയുന്നതിന് പകരം എത്ര പീസുകൾ വേണമെന്ന് പറഞ്ഞു വാങ്ങിക്കുവാനും ഈ ലേ ഔട്ടുകൾ സഹായകമാകും.

ഒരു ബിൽഡിംഗ് പണിയാൻ പ്ലാൻ ഉണ്ടെങ്കിൽ കുറഞ്ഞപക്ഷം ഇത്രയെങ്കിലും പ്ലാനുകൾ നമ്മുടെ കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ബിൽഡിങ്ങിന്റെ ക്വാളിറ്റിയിൽ വിട്ടുവീഴ്ചകൾ ഒന്നും സംഭവിക്കാതിരിക്കാൻ ഇത് നമ്മളെ ഏറെ സഹായിക്കും. അല്ലാത്തപക്ഷം എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച ഒരു പ്ലാൻ പ്രകാരം മനക്കണക്കുകൾ കൂട്ടിച്ചേർത്ത് വീടുപണി തുടങ്ങിയാൽ ഒരുപക്ഷേ ആ അതിബുദ്ധി നമ്മളെ വലിയൊരു കെണിയിലേക്ക് ആകാം കൊണ്ടെത്തിക്കുക..

 

 

Leave a Reply

Your email address will not be published. Required fields are marked *