Your Image Description Your Image Description

തൃശൂർ : ഏജന്റ്മാർക്ക് വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച് വിതരണം ചെയ്തിരുന്നയാളെ കോതമംഗലത്തു നിന്ന് കൈപ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പറുക്കുടി പുത്തന്‍പുരയില്‍ പ്രദീപ്(60) ആണ് പിടിയിലായത്. സംസ്ഥാനമൊട്ടാകെയും സംസ്ഥാനത്തിന് പുറത്തുമുള്ള ഏജന്റ്മാര്‍ക്ക് ഇയാൾ വ്യാജ സ്വർണം നിർമിച്ചു നൽകിയിരുന്നയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

എടത്തിരുത്തി കിസാന്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ പതിനഞ്ച് ലക്ഷം രൂപയുടെ വ്യാജ സ്വര്‍ണ്ണം പണയം വച്ച കേസിന്റെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തില്‍ കൈപ്പമംഗലം എസ്എച്ച്ഒ എം. ഷാജഹാന്‍, എസ്‌ഐമാരായ സൂരജ് കെ എസ്, മുഹമ്മദ് സിയാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ടി.എസ്. സുനില്‍കുമാര്‍, ഗിരീഷ് കെആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇതോടെ എടത്തിരുത്തി കിസാന്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ വ്യാജ സ്വര്‍ണ്ണം പണയം വച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബഷീര്‍, ബഷീര്‍ ബാബു, ഗോപകുമാര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ റൗഡിയായ രാജേഷ് എന്നിവരാണ് ഈ കേസിൽ നേരത്തെ പൊലീസിന്റെ പിടിയിലായത്. പ്രദീപിനെതിരെ കേരളത്തിലും കര്‍ണ്ണാടകയിലുമായി പതിമൂന്നോളം കേസുകളുണ്ട്. വ്യാജ സ്വര്‍ണ്ണം നിര്‍മ്മാണത്തില്‍ ഇയാളുടെ കൂട്ടാളികളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *