Your Image Description Your Image Description

ഗാസ: 2023 ഒക്ടോബർ ഏഴിന് ബന്ദികളാക്കിയ നാല് വനിതകളെ കൂടി മോചിപ്പിച്ച് ഹമാസ്. ഇസ്രയേലി സൈനികരായ നാല് യുവതികളെയാണ് ഇന്ന് ​​ഹമാസ് മോചിപ്പിച്ചത്. കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽ ബാഗ് എന്നിവരാണ് ജന്മനാട്ടിൽ തിരിച്ചെത്തിയത്. 15 മാസത്തിന് ശേഷമാണ് ഇവർ മോചിതരായത്. വെടിനിർത്തൽ കരാറിന്റെ ഭാ​ഗമായാണ് ബന്ദികളെ മോചിപ്പിച്ചത്.

വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബന്ദിമോചനമാണിത്. നാലുപേരെയും ഹമാസ് നേതൃത്വം റെഡ് ക്രോസ് അംഗങ്ങൾക്ക് കൈമാറുകയായിരുന്നു. ​ഹമാസ് മോചിപ്പിച്ച നാല് പേരും സൈനിക യൂണിഫോമിൽ ഒരു പോഡിയത്തിൽ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒക്ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ ബന്ദികളാക്കിയ നാല് സ്ത്രീകളെയും ഇന്ന് വിട്ടയക്കുമെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കരാർ പ്രകാരം ഇന്ന് ഇസ്രയേൽ പലസ്തീൻ തടവുകാരെ മോചിപ്പിക്കും. ആദ്യഘട്ടത്തിൽ മൂന്ന് ബന്ദികളെയായിരുന്നു ഹമാസ് ഇസ്രയേലിന് കൈമാറിയത്. ഡോറോൻ സ്‌റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരെയായിരുന്നു മോചിപ്പിച്ചത്. തുടർന്ന് ഇസ്രയേൽ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു. ജനുവരി 19ന് ഇസ്രയേൽ പ്രാദേശിക സമയം രാവിലെ 11.15ഓടെയാണ് ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നത്.

നിശ്ചയിച്ചതിലും മൂന്ന് മണിക്കൂർ വൈകിയാണ് വെടിനിർത്തൽ യഥാർത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാർ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാൽ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ കരാറിൽ നിന്ന് പിൻവലിഞ്ഞു. സാങ്കേതിക പ്രശ്‌നമാണ് പട്ടിക കൈമാറാൻ വൈകിയതിന് കാരണമെന്നായിരുന്നു ഹമാസ് നൽകിയ വിശദീകരണം. അതോടെ വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരുന്നു. കരാർ നിലവിൽ വന്നതോടെ ഗാസയിൽ വലിയ ആഘോഷമാണ് നടന്നത്.

ഗാസ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള നഹാൽ ഒസെഡ് സൈനിക താവളത്തിൽ നിന്നാണ് ലിറി അൽബാഗ്, കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി എന്നിവരെ ഹമാസ് പിടികൂടിയത്. 15 മാസത്തിന് ശേഷമാണ് ഇവരെ മോചിപ്പിക്കുന്നത്. ഇവരോടൊപ്പം മറ്റ് മൂന്ന് വനിതാ സൈനികരായ അഗം ബെർഗർ, നോവ മാർ‌സി, ഒറി മെഗിദിഷ് എന്നിവരെയും ബന്ദികളാക്കിയിരുന്നു. ഇതിൽ അഗം ബെർഗർ, ഇപ്പോഴും ഗാസയിൽ തടവിലാക്കപ്പെട്ട് ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു. നോവ മാർസിയാനോയുടെ മൃതദേഹം ഇസ്രയേലിലേക്ക് തിരിച്ചയച്ചിരുന്നു. 2023 ഒക്‌ടോബർ അവസാനത്തിൽ ഇസ്രയേൽ സൈന്യം ഒറി മെഗിദിഷിനെ ജീവനോടെ മോചിപ്പിച്ചു.

ലിറി അൽബാഗ് (19)

നഹൽ ഓസ് താവളത്തിൽനിന്ന് തട്ടിക്കൊണ്ടു പോകുമ്പോൾ ലിറി അൽബാഗ് ഗാസ മുനമ്പിന്റെ അതിർത്തിയിൽ സൈനിക സേവനം ചെയ്യുകയായിരുന്നു. നേരത്തേ മോചിപ്പിക്കപ്പെട്ട ബന്ദികൾ മാതാപിതാക്കളോട് പറഞ്ഞത് അനുസരിച്ച് ബന്ദികൾക്കു വേണ്ടി ആഹാരം പാചകം ചെയ്യുക, തടവറകൾ വൃത്തിയാക്കുക, കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നിവയാണ് ലിറിയുടെ ജോലികൾ. മാതാപിതാക്കളായ ഷിറയും എലി അൽബാഗും ബന്ദികളുടെ മോചനത്തിനായി പ്രചാരണം നടത്തിയിരുന്നു.

കരീന അരിയേവ് (20)

ഗാസ അതിർത്തിയിൽ സൈനിക സേവനം ചെയ്യുന്നതിനിടെയാണ് കരീന അരീവിനെ തട്ടിക്കൊണ്ടുപോയത്. പിടികൂടിയ ദൃശ്യങ്ങളിൽ കരീനക്ക് മുറിവേറ്റതായി കാണപ്പെട്ടിരുന്നു. സൈക്കോളജിസ്റ്റ് ആകാനാണ് ആഗ്രഹം.

ഡാനിയേല ഗിൽബോവ (20)

ആക്രമണം നടന്ന ദിവസം രാവിലെ കാമുകന് അയച്ച വിഡിയോയിൽ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്നാണ് ഡാനിയേലയെ തട്ടിക്കൊണ്ടു പോയതായി തിരിച്ചറിഞ്ഞത്. പാട്ടുകാരിയാകാനാണ് ഡാനിയേലയുടെ ആഗ്രഹം.

നാമ ലെവി (20)

ഹമാസ് പിടികൂടിയ വിഡിയോയിൽ രക്തം പുരണ്ടതായി തോന്നിക്കുന്ന ട്രൗസർ ധരിച്ചാണ് കാണപ്പെട്ടത്. ഇന്ത്യയിലാണ് വളർന്നത്. ഇന്ത്യയിലെ യുഎസ് ഇന്റർനാഷണൽ സ്കൂളിലായിരുന്നു പഠനം. കുട്ടിക്കാലത്ത്, ഇസ്രയേലികൾക്കും പലസ്തീനികൾക്കുമിടയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്ന ഹാൻഡ്‌സ് ഓഫ് പീസ് പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *