Your Image Description Your Image Description

തൃശ്ശൂർ: ഹസ്തദാനം കാത്തിരിക്കുന്നവർ ഏറെയുണ്ടെങ്കിലും ദാതാക്കളില്ലാതെ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ് കേരളത്തിൽ. ഇരുകൈകളും നഷ്ടമായ 15 പേരാണ് നിലവിൽ കെ സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ)യിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടങ്ങളിൽപ്പെട്ടും പൊള്ളലേറ്റും ഷോക്കേറ്റും മറ്റും കൈകൾ നഷ്ടമായവരാണിവർ. കൈകൾ വെക്കുന്നതിനായി അവ ലഭ്യമാണോയെന്ന് അന്വേഷിച്ച് നിരവധി ആളുകളാണ് സമീപിക്കുന്നതെന്ന് കെ സോട്ടോ അധികൃതർ പറഞ്ഞു.

2015 ജനുവരിയിൽ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ കൈ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. രാജ്യത്തുതന്നെ കൈ മാറ്റിവക്കൽ ശത്രക്രിയയിൽ ഒന്നാംസ്ഥാനത്ത് കേരളം നിൽക്കുമ്പോഴും 10 വർഷത്തിനിടെ 15 ശസ്ത്രക്രിയ മാത്രമാണ് നടന്നത്. വരാപ്പുഴ സ്വദേശിയായ ബിനോയ് എന്ന യുവാവിന്റെ കുടുംബമാണ് മകന്റെ കൈകൾ ദാനംചെയ്ത് മാതൃകയായത്. ഷൊർണൂരിലുണ്ടായ ട്രെയിൻ അപകടത്തിൽ ഇരുകൈയും നഷ്ടമായ തൊടുപുഴ സ്വദേശി മനുവിനാണ് ബിനോയുടെ കൈകൾ തുണയായെത്തിയത്. നാലുപേർക്ക് കൈകൾ മാറ്റിവെച്ച 2022-ലാണ് ഏറ്റവുംകൂടുതൽ ശസ്ത്രക്രിയ നടന്നത്.

അതേസമയം 2023-ലും 2024-ലും ഓരോ ശസ്ത്രക്രിയ വീതം നടന്നു. 10 വർഷത്തിനിടെ കൈകൾ ദാനംചെയ്ത 15 പേരിൽ പതിമ്മൂന്നും മലയാളികളാണ്. ഇതിൽ അഞ്ചുപേർ സ്ത്രീകളാണ്. കൈകൾ സ്വീകരിച്ചവരിൽ മൂന്നുപേരാണ് മലയാളികൾ. ഇരുകൈയും നഷ്ടപ്പെട്ട ഒട്ടേറെപ്പേർ ശസ്ത്രക്രിയയെക്കുറിച്ച് അന്വേഷിച്ച് വിളിക്കാറുണ്ടെങ്കിലും ദാതാക്കളില്ലാത്തതിനാൽ ആശ്വാസമറുപടി പറയാനാവുന്നില്ലെന്ന് ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. മസ്തിഷ്കമരണം സംഭവിച്ചയാളുടെ കൈ ദാനംചെയ്യുന്നത് ബന്ധുക്കൾക്ക് മാനസികമായി പ്രയാസമുണ്ടാക്കുന്നതാണ്. അതിനാലാണ് കൈമാറ്റിവെക്കൽ ശസ്ത്രക്രിയകൾ കുറയുന്നതെന്നും വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *