Your Image Description Your Image Description

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഏകപ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവിന് വിധിച്ച് കോടതി. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ജീവിതാന്ത്യം വരെ ജയിലിൽ തുടരണമെന്നും പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലിൽ തുടരണം. 17 ലക്ഷം രൂപ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരമായി നൽകണം. അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന സിബിഐ വാദം കോടതി നിരാകരിച്ചു. പ്രതിയ്ക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ശിക്ഷാ വിധിയിൽ ചൂണ്ടിക്കാണിച്ചു.

അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറായിരുന്നു സഞ്ജയ്. 2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാര്‍ത്ഥിനിയെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗുരുതര ആക്ഷേപം. കേസില്‍ വന്‍ പ്രതിഷേധമാണ് മമത സര്‍ക്കാരിന് നേരെ നടന്നത്. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. 128 പേരാണ് സംഭവത്തിലെ സാക്ഷികള്‍. സംഭവം നടന്നു അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ ശിക്ഷാവിധി വരുന്നത്. താൻ നിരപരാധിയാണെന്ന് സഞ്ജയ് കോടതിയിൽ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *