Your Image Description Your Image Description

ഇസ്രയേലുമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന്റെ കരട് കരാറും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറും പലസ്തീന്‍ ആസ്ഥാനമായുള്ള ഹമാസ് അംഗീകരിച്ചു. ഖത്തറിലെ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ബുധനാഴ്ച ഗാസയില്‍ വെടിനിര്‍ത്തലിന്റെ അന്തിമ

വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വീണ്ടും ഇരുവിഭാഗങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് എല്ലാ കാര്യങ്ങളും ഇരുകൂട്ടരും അംഗീകരിച്ചിരിക്കുന്നത്.

ഹമാസ് പ്രതിനിധികളും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയ്ക്ക് പ്രധാനമായും നേതൃത്വം വഹിച്ചത് അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളാണ്.

ഇടപാടിലെ നിര്‍ദ്ദേശങ്ങള്‍
മുമ്പത്തെ റിപ്പോര്‍ട്ട് അനുസരിച്ച്, നിലവിലെ കരാര്‍ പ്രകാരം, അടുത്ത തിങ്കളാഴ്ചയ്ക്ക് മുമ്പ് ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന ആഴ്ചയില്‍ 33 ഇസ്രയേലി ബന്ദികളെ ഹമാസ് കൈമാറും. എന്നാല്‍ 2023 ഒക്ടോബറിലെ ആക്രമണത്തില്‍ ഇസ്രയേലില്‍ നിന്ന് പിടികൂടിയ 94 ബന്ദികളെ ഹമാസും സഖ്യകക്ഷികളും ഇപ്പോഴും കൈവശം വച്ചിട്ടുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. ഇവരില്‍ 34 പേരെങ്കിലും മരിച്ചിരിക്കാമെന്നും ഇസ്രയേല്‍ ചൂണ്ടിക്കാണിക്കുന്നു.
ആദ്യ ഘട്ടം ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ നടന്നാല്‍, കരാര്‍ പ്രാബല്യത്തില്‍ വന്ന് 16-ാം ദിവസം, രണ്ടാം ഘട്ടത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും മധ്യസ്ഥത വഹിച്ച രാഷ്ട്രങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് അവശേഷിക്കുന്ന ബന്ദികളെ വിട്ടയക്കുകയും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുകയും ചെയ്യും.

കരാര്‍ പ്രകാരം, സൈനികരെ പിന്‍വലിക്കല്‍ ഘട്ടം ഘട്ടമായി നടപ്പാക്കും. ഇസ്രയേല്‍ അതിര്‍ത്തി പട്ടണങ്ങളെയും ഗ്രാമങ്ങളെയും പ്രതിരോധിക്കാന്‍ ഇസ്രയേല്‍ സൈന്യം അതിര്‍ത്തി പരിധിയില്‍ തുടരും. കൂടാതെ, ഗാസയുടെ തെക്കേ അറ്റത്തുള്ള ഫിലാഡല്‍ഫി ഇടനാഴിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും. കരാറിന്റെ ആദ്യ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങും.
നിരായുധരായ വടക്കന്‍ ഗാസ നിവാസികളെ തിരികെ അവരുടെ വാസകേന്ദ്രങ്ങളിലേയ്ക്ക് പോകാനായി അനുവദിക്കും. സെന്‍ട്രല്‍ ഗാസയിലെ നെറ്റ്‌സാരിം ഇടനാഴിയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങും. അതേസമയം, കൊലപാതകം അല്ലെങ്കില്‍ മാരകമായ ആക്രമണങ്ങള്‍ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ട പലസ്തീന്‍ തീവ്രവാദികളെയും മോചിപ്പിക്കും. തടവുകാരെ വെസ്റ്റ് ബാങ്കിലേക്ക് വിട്ടയക്കില്ല. 2023 ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് പോരാളികളെ വിട്ടയക്കില്ല.

 

Leave a Reply

Your email address will not be published. Required fields are marked *