Your Image Description Your Image Description

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം അടുത്തിരിക്കെ ടീം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം മലയാളി താരം സ‍ഞ്ജു സാംസണെ പരിഗണിക്കുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സഞ്ജുവിന് പകരം റിഷഭ് പന്ത് തന്നെയാകും ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടുക. കെ എല്‍ രാഹുലിനെ ചാമ്പ്യൻസ് ട്രോഫിയില്‍ സ്പെഷലിസ്റ്റ് ബാറ്ററായിട്ടാവും കളിപ്പിക്കുകയെന്നും റിഷഭ് പന്താകും പ്രധാന വിക്കറ്റ് കീപ്പറെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വിജയ് ഹസാരെയില്‍ കളിക്കാതിരുന്നതാണ് സഞ്ജുവിന് തിരിച്ചടിയാകുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുറമെ സ‍ഞ്ജുവിനെ നിലവില്‍ ഏകദിന ഫോര്‍മാറ്റിലേക്ക് പരിഗണിക്കുന്നില്ലെന്നും ടി20 ഫോര്‍മാറ്റിലേക്ക് മാത്രമെ പരിഗണിക്കൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഹിത് ശര്‍മ ക്യാപ്റ്റനായി തുടരുമെന്നും എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുമ്രക്ക് ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ സഞ്ജു ഓപ്പണറായി തുടരുമ്പോള്‍ ഏകദിന പരമ്പരക്കുള്ള ടീമിനെ സെലക്ടര്‍മാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെ എല്‍ രാഹുല്‍ ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

അടുത്തമാസം 19ന് പാകിസ്ഥാനിലാണ് ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകുക. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുക. 20ന് ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. മാര്‍ച്ച് രണ്ടിന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *