മുംബൈ: എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1978ല്‍ മഹാരാഷ്ട്രയില്‍ ശരദ് പവാര്‍ ആരംഭിച്ച വഞ്ചനാ രാഷ്ട്രീയത്തിന് അവസാനം കുറിച്ചത് ബിജെപിയുടെ വിജയമാണെന്ന് അമിത് ഷാ പറഞ്ഞു.
”മഹാരാഷ്ട്രയിലെ ബിജെപി വിജയം, 1978ല്‍ ശരദ് പവാര്‍ ആരംഭിച്ച അസ്ഥിരതയുടെയും പിന്നില്‍നിന്നുള്ള കുത്തലുകളുടെയും രാഷ്ട്രീയത്തിന് അവസാനം കുറിച്ചു. ജനം അത്തരം രാഷ്ട്രീയത്തെ 20 അടി താഴ്ചയില്‍ കുഴിച്ചിട്ടു. 1978 മുതല്‍ 2024 വരെ മഹാരാഷ്ട്ര രാഷ്ട്രീയ അസ്ഥിരതയ്ക്കു വിധേയമായിരുന്നു. സ്ഥിരതയുള്ളതും ശക്തവുമായ സര്‍ക്കാരാണു ദേവേന്ദ്ര ഫഡ്നാവിസിന്റേത്.” ഷിര്‍ദിയില്‍ സംസ്ഥാന ബിജെപി സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയും അമിത് ഷാ വിമര്‍ശിച്ചു. ”ഉദ്ധവ് താക്കറെ ഞങ്ങളെ വഞ്ചിച്ചു. 2019ല്‍ അദ്ദേഹം ബാലാസാഹേബിന്റെ ആശയം ഉപേക്ഷിച്ചു. ഇന്ന് ജനം അദ്ദേഹത്തിന് എവിടെയാണ് സ്ഥാനമെന്ന് കാണിച്ചുകൊടുത്തു. വഞ്ചനയിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയായത്.” അമിത് ഷാ ആരോപിച്ചു.