Your Image Description Your Image Description

നെടുമങ്ങാട്: ടിപ്പർലോറി ഡ്രൈവറെ കുത്തിക്കൊന്നു. കരകുളം ഏണിക്കര നെടുമ്പാറ തടത്തരികത്ത് വീട്ടിൽ എസ്.സാജൻ(31)ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ആക്രമണം ഉണ്ടായത്.

സാജന്റെ സുഹൃത്തും പരിസരവാസിയും ടിപ്പർ ഡ്രൈവറുമായ നെടുമ്പാറ ശ്രീജ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ(32),ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടിൽ മഹേഷ്(31),ഏണിക്കര നെടുമ്പാറ ശ്രീജ ഭവനിൽ രതീഷ്(34) എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊല നടത്തിയത്.

ഒന്നാംപ്രതി ജിതിന്റെ സഹോദരി ശ്രീജയുടെ ഭർത്താവാണ് രതീഷ്. ജിതിനാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ആഴത്തിൽ കുത്തേറ്റ് കുടൽമാല പുറത്ത് ചാടി 50 മീറ്ററോളം ഓടിയ സാജൻ ഇടവഴിയിൽ കുഴഞ്ഞുവീണു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ പ്രതികൾ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ രക്ഷപ്പെട്ടു.

അടുത്ത വീട്ടുകാർ സാജനെ ഓട്ടോയിൽ കരകുളത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.അടിയന്തര ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെ 4ഓടെ മരിച്ചു.

മരിച്ച സാജനും ജിതിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ജിതിന്റെ ഭാര്യയുടെ സ്വർണം സാജന് പണയം വയ്ക്കാൻ കൊടുത്തിരുന്നെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച കാറും പിടികൂടി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *