Your Image Description Your Image Description

കോഴിക്കോട്: ലയണല്‍ മെസ്സി ഒക്ടോബറില്‍ കേരളത്തിലെത്തും. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടു വരെ അർജൻ്റീന താരം കേരളത്തിലുണ്ടാവുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ആരാധകര്‍ക്ക് താരവുമായി സംവദിക്കാനും വേദിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.നേരത്തെ തീരുമാനിക്കപ്പെട്ട സൗഹൃദമത്സരത്തിന് പുറമേ മെസി പൊതുപരിപാടിയിലും പങ്കെടുക്കും. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല. ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന, ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ അസോസിയേഷന്‍ ഈ ക്ഷണം നിരാകരിച്ചു. ഇതറിഞ്ഞ കേരള കായികമന്ത്രി വി. അബ്ദുറ്ഹിമാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. കായികമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം ഇന്ത്യയിലേക്ക് വരാന്‍ സമ്മതമറിയിച്ചിരുന്നു. 2022-ലെ ലോകകപ്പ് നേട്ടത്തിനുശേഷം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെ പരാമര്‍ശിച്ച് ആരാധകര്‍ക്ക് നന്ദിയറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *