Your Image Description Your Image Description

കൊച്ചി: ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന റേച്ചല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റി. നിര്‍മാതാവായ എന്‍.എം ബാദുഷയാണ് സമൂഹമാധ്യമത്തിലൂടെ ഇത് അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും എന്‍ എം ബാദുഷ പറഞ്ഞു. നേരത്തെ ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ രീതിയിലുള്ള പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ സെന്‍സറിംഗ് അടക്കം ബാക്കിയുണ്ടെന്നും ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ചിത്രത്തിന്‍റെ റിലീസുമായി ബന്ധമില്ലെന്നും നിര്‍മ്മാതാവ് അറിയിച്ചു.

‘റേച്ചലിന്റെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സെന്‍സറിങ് നടക്കുകയോ സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കണമെന്നാണ് നിലവിലെ നിയമം. ഹണി റോസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. സിനിമയുടെ റിലീസുമായി അതിന് യാതൊരു ബന്ധവുമില്ല. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും,’ എന്‍ എം ബാദുഷയുടെ പോസ്റ്റില്‍ പറയുന്നു. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

Leave a Reply

Your email address will not be published. Required fields are marked *