Your Image Description Your Image Description

തിരുവനന്തപുരം: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളി വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചതും അത്യന്തം ഹീനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ആക്രമണങ്ങള്‍ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ഭീഷണിയാണ്. ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ അത് മനസിലാക്കണം. സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നതും അശാന്തി വളര്‍ത്തുന്നതുമായ നടപടികളില്‍ നിന്ന് പിന്തിരിയണം. മണിപ്പൂരില്‍ ഉള്‍പ്പെടെ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറായിട്ടില്ല. അവിടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍.

ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഇന്ത്യയിലെ വര്‍ദ്ധിക്കുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ ലോകമാകെ ഇടിയുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കുകയാണ്. ഇത് തിരുത്താന്‍ അവര്‍ തയ്യാറാവണം. ജബല്‍പൂരില്‍ ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ട എല്ലാ സഹായവും ചെയ്യാന്‍ അവിടുത്തെ സംസ്ഥാന

സര്‍ക്കാരും യൂണിയന്‍ സര്‍ക്കാരും തയ്യാറാവണം. ആക്രമിക്കപ്പെട്ട മലയാളികളായ വൈദികരോട് കേരളസമൂഹത്തിന്റെയാകെ ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *