Your Image Description Your Image Description

മുംബൈ: ഇന്ദിര ഗാന്ധി ശക്തയായ ഒരു സ്ത്രീ ആയിരുന്നില്ലെന്നും ദുര്‍ബലയായിരുന്നുവെന്നും ബി.ജെ.പി എം.പി കങ്കണ റണാവത്ത്. തന്റെ ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിനായുള്ള പഠനങ്ങള്‍ നടത്തുമ്പോള്‍ താന്‍ കരുതിയിരുന്നത് ഇന്ദിര ഗാന്ധി ശക്തയായ ഒരു സ്ത്രീ ആയിരിക്കുമെന്നായിരുന്നെന്നും പിന്നീടാണ് അവര്‍ ദുര്‍ബലയാണെന്ന് മനസിലായതെന്നും കങ്കണ പറഞ്ഞു. മറ്റുള്ളവരെ നിരന്തരം ആശ്രയിക്കുന്ന ആള്‍ ആയിരുന്നു ഇന്ദിരാ ഗാന്ധി. അവര്‍ക്ക് സ്വന്തം കഴിവില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. മറ്റുള്ളവരെ വേദനിപ്പിക്കുകയോ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയല്ല എമര്‍ജന്‍സി എന്ന സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും അതിനാല്‍ സെന്‍സറിങ് സിനിമയെ ബാധിക്കില്ലെന്നും കങ്കണ പറഞ്ഞു.

എമര്‍ജന്‍സി എന്ന ചിത്രത്തേക്കുറിച്ച് വയനാട് എം.പിയും ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകളുമായ പ്രിയങ്ക ഗാന്ധിയുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും കങ്കണ പ്രതികരിച്ചു. പാര്‍ലമെന്റില്‍ വെച്ച് പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോള്‍ ചിത്രത്തിനായി നടത്തിയ പ്രയത്നത്തെ പ്രിയങ്ക അഭിനന്ദിച്ചെന്നും കങ്കണ വ്യക്തമാക്കി. പാര്‍ലമെന്റില്‍ വെച്ച് എമര്‍ജന്‍സി കാണാന്‍ പ്രിയങ്കയെ കങ്കണ ക്ഷണിച്ചിരുന്നു. താന്‍ ചിലപ്പോള്‍ കണ്ടേക്കുമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. എമര്‍ജന്‍സി റിലീസ് ചെയ്യരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ടായിരുന്നു. തന്റെ പരിശ്രമങ്ങള്‍ പാഴായി പോകുമോയെന്നുവരെ സംശയിച്ചിരുന്നു. ബോളിവുഡിലെ സ്ഥിരം ശൈലി ചിത്രങ്ങള്‍ മാത്രമാണ് എല്ലാപേരും സ്വീകരിക്കുന്നത്. അത്തരത്തില്‍ അല്ലാത്തൊരു ചിത്രം ഇറങ്ങുമ്പോള്‍ ചര്‍ച്ചകളുണ്ടാകുന്നു, കങ്കണ റണാവത്ത് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *