Your Image Description Your Image Description

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈ മേഖലയില്‍ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായി ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുന്നതിനായി 14,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ഇ-വാഹനങ്ങളുടെ സാങ്കേതികവിദ്യക്കായി ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.വൈദ്യുത വാഹനങ്ങളുടെ ബാറ്ററി സാങ്കേതികവിദ്യ, പവര്‍ ട്രെയിനുകള്‍, ചാര്‍ജിങ് സംവിധാനങ്ങള്‍ എന്നിവ പ്രാദേശികമായി വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള അനുസന്ധന്‍ നാഷണല്‍ റിസേര്‍ച്ച് ഫൗണ്ടേഷനും (എ.എന്‍.ആര്‍.എഫ്). ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്ന് വിശാലമായ ഇ.വി. ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇതിനോടകം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ 14,000 കോടി രൂപയുടെ നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയില്‍ നടത്തുമെന്നാണ് വിലയിരുത്തല്‍.

ആദ്യ മൂന്ന് വര്‍ഷം ഇലക്ട്രിക് വാഹന ബാറ്ററിയും അതിന്റെ സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകുക. ചാർജിങ് സംവിധാനം ഉള്‍പ്പെടെയുള്ളവ ഭാവി പദ്ധതിയായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുള്‍പ്പെടെ പലതും ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍, ഈ ഇറക്കുമതി പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികളാണ് എ.എന്‍.ആര്‍.എഫ്. ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *