Your Image Description Your Image Description

റിയാദ്: സൗദിയുടെ പുതിയ ദേശീയ വിമാനകമ്പനിയായ ‘റിയാദ് എയർ’ വിമാനങ്ങളുടെ ഉൾഭാഗത്തെ (കാബിൻ) ഡിസൈനുകൾ പുറത്തിറക്കി. അത്യാധുനിക രീതിയിൽ വളരെ ആഡംബരവും നൂതന സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്നതിനോടൊപ്പം റിയാദ് എയറിന്‍റെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ ഡിസൈനുകൾ നൽകിയിരിക്കുന്നത്. ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സമന്വയത്തെ അടിസ്ഥാനമാക്കി ഡിസൈൻ ചെയ്തിരിക്കുന്ന ക്യാബിൻ ആയതിനാൽ ഇത് യാത്രക്കാർക്ക് എളുപ്പവും സൗകര്യപ്രദമായ ഉപയോഗവും നൽകുന്നു.

വ്യോമയാന മേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കി ലോകത്തിലെ ഡിജിറ്റൽ നിലവാരമുള്ള ആദ്യത്തെ എയർ കാരിയർ എന്ന നിലയിൽ പ്രാദേശികമായും ആഗോളമായും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ദൃഢനിശ്ചയവും ഇത് വ്യക്തമാക്കുന്നു. ആഡംബരവും സൗകര്യവും സമന്വയിപ്പിച്ച് വ്യോമയാന, യാത്രാ മേഖലകളിൽ സവിശേഷമായ യാത്രാനുഭവം പ്രദാനം ചെയ്യാൻ സഹായിക്കുന്നതാണ് ഉള്ളിലെ രൂപകൽപന.

2023 മാർച്ച് 12-നാണ് റിയാദ് എയർ എന്ന കമ്പനി രൂപവത്കരിക്കുന്നത്. സൗദി അറേബ്യയുടെ പൈതൃകത്തെ എടുത്തു കാണിക്കുന്ന നിറങ്ങളും വസ്തുക്കളുമാണ് ഡിസൈനുകളിൽ പ്രതിഫലിപ്പിക്കുന്നത്. സീറ്റുകൾ ഏറ്റവും മികച്ചതും സുഖപ്രദവുമായിട്ടാണ് ഒരുക്കുന്നത്. ‘787 ഡ്രീംലൈനർ’ വിമാനങ്ങൾക്ക് ഓർഡർ നൽകി ഈ വർഷം രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

Leave a Reply

Your email address will not be published. Required fields are marked *