Your Image Description Your Image Description

ഇംഫാല്‍: അനുമതിയില്ലാത്ത സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം മണിപ്പൂരില്‍ കലാപകാരികള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മണിപ്പൂരിലെ സ്റ്റാര്‍ലിങ്ക് ഉപയോഗത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും അന്ന് മസ്‌ക് അത് നിഷേധിച്ചിരുന്നു.

ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സ് കമ്പനി സ്ഥാപിച്ച ഉപഗ്രഹ ഇന്‍റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് അനുമതി നല്‍കിയിട്ടില്ല. കലാപഭൂമിയായ മണിപ്പൂരില്‍ സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് നിരോധനത്തെ മറികടക്കാന്‍ ആയുധധാരി സംഘങ്ങള്‍ സ്റ്റാര്‍ലിങ്കിന്‍റെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. മണിപ്പൂരിന് തൊട്ടടുത്ത് കിടക്കുന്ന രാജ്യമായ മ്യാന്‍മറില്‍ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ നിലവില്‍ ലഭ്യമാണ്. മ്യാന്‍മറില്‍ നിന്ന് കടത്തിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് മണിപ്പൂരില്‍ മിലിട്ടന്‍റ് ഗ്രൂപ്പുകളും പൊതുജനങ്ങളും സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നതായാണ് വിവരം. എന്നാല്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ശൃംഖലയുടെ ഉടമകളായ സ്പേസ് എക്‌സ് കമ്പനി ഇതിനോട് പ്രതികരിച്ചിട്ടില്ല.

സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗിക്കുന്നതായി 2024 ഡിസംബറിലും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ അന്ന് ആരോപണം നിഷേധിച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തി. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകൾ ഓഫ് ആണെന്നായിരുന്നു ഡിസംബറില്‍ മസ്ക് എക്സിൽ കുറിച്ചത്. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റിൽ നടത്തിയ റെയ്ഡിൽ സൈന്യം പിടിച്ചെടുത്ത ഉപകരണങ്ങളിൽ സ്റ്റാര്‍ലിങ്ക് ലോഗോയുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *