Your Image Description Your Image Description

അബുദാബി: മലയാളികളെ കൈവിടാതെ അറേബ്യൻ ഭാ​ഗ്യദേവത. ഇക്കുറി മലയാളി നഴ്സിന് ലഭിച്ചത് 70 കോടി രൂപയുടെ സമ്മാനം. അബു​​ദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളിയായ നഴ്സിന് മൂന്നു കോടി ദിർഹത്തിന്റെ ജാക്ക്പോട്ട് ലഭിച്ചത്. ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു മോഹനാണ് അപ്രതീക്ഷിത ഭാ​ഗ്യം കൈവന്നത്.

ഏഴു വർഷത്തോളമായി ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുകയാണ് മനു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇക്കുറി 16 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ടിക്കറ്റെടുത്തത്. രണ്ട് ബിഗ് ടിക്കറ്റുകൾ വാങ്ങുമ്പോൾ, ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഇങ്ങനെ ലഭിച്ച ടിക്കറ്റിലായിരുന്നു മനുവിന്റെ ഭാഗ്യം. സമ്മാന തുക സുഹൃത്തുക്കളുമായി പങ്കിടുമെന്ന് മനു വ്യക്തമാക്കി.

ഡിസംബർ 26ന് വാങ്ങിയ 535948 എന്ന നമ്പർ ടിക്കറ്റിലാണ് 70 കോടി രൂപയുടെ ജാക്ക്പോട്ട് ഒളിഞ്ഞിരുന്നത്. തന്റെ കുടുംബത്തിന് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എങ്ങനെ വാങ്ങുമെന്നതായിരുന്നു ഇന്നലെ വരെ മനു മോഹനന്റെ ഏറ്റവും വലിയ ആശങ്ക. ഡ്യൂട്ടിക്കിടെയാണ് മനുവിനെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം എത്തുന്നത്. മറ്റ് 16 പേരുമായി വിഡിയോ കോളിലൂടെ സന്തോഷവാർത്ത പങ്കുവച്ചു. വാർത്ത അറിഞ്ഞപ്പോൾ സുഹൃത്തുക്കളിൽ ചിലരുടെ കണ്ണുകൾ നിറഞ്ഞു. തങ്ങളുടെ എല്ലാവരുടെയും കടങ്ങൾ വീട്ടാനും ഒരു വീട് പണിയാനും ഇതിലൂടെ സാധിക്കുമെന്ന് മനു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *