Your Image Description Your Image Description

തിരുവനന്തപുരം : ആറളം ഫാമിംഗ് കോർപ്പറേഷൻ തൊഴിലാളികളുടെ കുടിശ്ശികയായുള്ള ശമ്പളവും ആനുകൂല്യങ്ങളും തീർപ്പാക്കുന്നതിന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.

2023 ഏപ്രിൽ – ജൂൺ, 2024 ഫെബ്രുവരി, മാർച്ച്, നവംബർ മാസങ്ങളിലെ ശമ്പളം/കൂലി കുടിശ്ശികയാണ് തീർപ്പാക്കാനുള്ളത്. പിരിഞ്ഞുപോയ 36 തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക, ഗ്രാറ്റുവിറ്റി, ഇപിഎഫ്, ഡിഎ കുടിശ്ശിക മുതലായവയും നൽകാനുണ്ട്.

വിളകളുടെ വൈവിധ്യവൽക്കരണം, പുനഃകൃഷി, ഫാം ടൂറിസം മുതലായ പദ്ധതികളിലൂടെ വരുമാനദായക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം. വിദഗ്ധരുമായി കൂടിയാലോചിച്ച് അനുയോജ്യമായ വരുമാനദായക പ്രവർത്തനങ്ങളുടെ പട്ടിക തയ്യാറാക്കി പ്രവർത്തന രൂപരേഖ വികസിപ്പിക്കണം.

ആന പ്രതിരോധ മതിൽ നിർമ്മാണത്തിലെ മെല്ലെപ്പോക്ക് അനുവദിക്കാനാകില്ലെന്ന് കരാറുകാരെ ബോധ്യപ്പെടുത്തി നടപടികൾ സ്വീകരിക്കണം. ആനമതിലിൻറെ മാറിയ അലൈൻമെന്റിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം സുഗമമാക്കുന്നതിന് മാറ്റേണ്ട മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകണം. മതിൽ നിർമ്മാണ പുരോഗതി പൊതുമാരമത്ത് മന്ത്രി വിലയിരുത്തണം. ആറളം ഫാം എം ആർ എസ് 2025-26 അക്കാദമിക വർഷം മുതൽ പൂർണതോതിൽ പ്രവർത്തിപ്പിക്കണം. 2025 ജൂണിൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയും വിധം മുന്നൊരുക്ക പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കണം. ഭൂമിക്ക് വേണ്ടി ലഭിച്ച 1330 അപേക്ഷകളിൽ 303 പേരെ യോഗ്യരായി കണ്ടെത്തിയിട്ടുണ്ട് ഇവർക്ക് സമയബന്ധിതമായി ഭൂമി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മന്ത്രി ഒ ആർ കേളു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ധന വിനിയോഗ സ്‌പെഷൽ സെക്രട്ടറി കേശവേന്ദ്ര കുമാർ, പട്ടിക വർഗ ഡയറക്ടർ രേണു രാജ്, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, ആറളം ഫാം എം ഡി കാർത്തിക് പാണിഗ്രഹി തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *