Your Image Description Your Image Description

ഹൈദരാബാദ്: ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആർ എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോസ്റ്റലിലെ പാചകക്കാരും കസ്റ്റഡിയിലുള്ളവരിൽ ഉൾപ്പെടുന്നു.

ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വിരലടയാള സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് ലാബിലേക്കും അയച്ചിട്ടുണ്ട്. ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെൻറ് സസ്‌പെൻഡ് ചെയ്തു. കോളേജിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളോട് വീടുകളിലേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തു.

ബുധനാഴ്ചയാണ് ഒരു വിദ്യാർത്ഥിനി ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിപ്പിച്ച മൊബൈൽ ഫോൺ കണ്ടെത്തിയത്. വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസത്തോളമായി നിരവധി വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നാണ് ആരോപണം. 300ലധികം ദൃശ്യങ്ങൾ ഫോണിലുണ്ടെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. സംഭവം കോളേജ് മാനേജ്‌മെൻറിനെ അറിയിച്ചിട്ടും നടപടിയുണ്ടാവാതിരുന്നതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലെ എസ്ആർ ഗുഡ്‌വല്ലെരു എഞ്ചിനീയറിംഗ് കോളേജിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കോളേജിലെ അവസാന വർഷ ബിടെക് വിദ്യാർത്ഥിയാണ് പിടിയിലായത്. പണം വാങ്ങി ഈ വിദ്യാർത്ഥി ദൃശ്യങ്ങൾ വിതരണം ചെയ്തെന്നും പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *