Your Image Description Your Image Description

പാലക്കാട്: വല്ലപ്പുഴയിൽ ആറ് ദിവസം മുൻപ് കാണാതായ പെൺകുട്ടിയുടെ വാർത്ത കണ്ട ഒരു യുവാവ് ട്രെയിൻ യാത്രയ്ക്കിടെ താൻ ഈ പെൺകുട്ടിയെ കണ്ടതായി പോലീസിനെ അറിയിച്ചു. തുടർന്ന് ഈ യുവാവി​ന്റെ സഹായത്താൽ പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ കണ്ടതായി സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് തയാറാക്കി പുറത്തുവിട്ടു. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിൻറെ മകൾ 15 കാരിയായ ഷഹന ഷെറിനെ ആറ് ദിവസം മുൻപാണ് കാണാതായത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പരശുറാം എക്സ്പ്രസിൽ ഷഹന ഷെറിൻ യാത്ര ചെയ്തിരുന്നുവെന്ന് പോലീസ് സംശയിച്ചിരുന്നു.

കേസിൽ പൊലീസ് അന്വേഷണം എങ്ങുമെത്താതിരിക്കുമ്പോഴാണ് വാർത്ത കണ്ട യാത്രക്കാരൻ പോലീസിനെ ബന്ധപ്പെട്ടത്. ഡിസംബർ 30 ന് രാവിലെയാണ് ഷഹന ഷെറിനെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധുവീട്ടിലേക്ക് എന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നിൽ നിന്ന് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്.

പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. എന്നാൽ കണ്ടെത്താനായില്ല. ഷഹനയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി. എങ്കിലും പെൺകുട്ടി പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ എത്തിയതെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വെല്ലുവിളിയായി.

ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാ൪, സിഐമാ൪, എസ്ഐമാ൪ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്. ഈ നിർണായക ഘട്ടത്തിലാണ് കുട്ടിയെക്കുറിച്ചുള്ള വാർത്ത കണ്ട ട്രെയിൻ യാത്രക്കാരൻ പൊലീസിനെ ബന്ധപ്പെട്ടത്. രേഖാചിത്രം പുറത്തുവിട്ടതോടെ സംഭവത്തിൽ തുമ്പുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *